
ന്യൂഡൽഹി: കോൺഗ്രസിൽ 2025ൽ വിപുലമായ പുന:സംഘടന നടത്താൻ കർണാടകയിലെ ബെൽഗാമിൽ നടന്ന പ്രത്യേക പ്രവർത്തക സമിതി യോഗത്തിൽ തീരുമാനം. 1924ൽ ഗാന്ധിജി എ.ഐ.സി.സി അദ്ധ്യക്ഷ പദവി ഏറ്റെടുത്ത ബെൽഗാം സമ്മേളനത്തിന്റെ നൂറാം വാർഷികത്തിന്റെ ഭാഗമായാണ് പ്രത്യേക പ്രവർത്തക സമിതിയോഗം ചേർന്നത്.
ഗാന്ധിജി തെളിച്ച പാതയിൽ 2025ലെ രാഷ്ട്രീയ, തിരഞ്ഞെടുപ്പ് വെല്ലുവിളികൾക്കുള്ള പദ്ധതി തയ്യാറാക്കാനുള്ള ചർച്ചകളാണ് 'നവ് സത്യാഗ്രഹ ബൈഠക്" എന്ന യോഗത്തിൽ നടന്നത്. 2025ൽ ബൂത്തുതലം മുതൽ ഉന്നതതലംവരെ വിപുലമായ പുന:സംഘടന നടത്തുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. കഴിവുള്ള നേതാക്കളുടെ സാന്നിദ്ധ്യം ഉറപ്പാക്കും. ഏപ്രിലിൽ ഗുജറാത്തിൽ പ്രത്യേക എ.ഐ.സി.സി പ്രതിനിധി സമ്മേളനം സംഘടിപ്പിക്കാനും തീരുമാനിച്ചു.
കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെ, രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി അടക്കം പ്രവർത്തക സമിതി അംഗങ്ങൾ, സ്ഥിരം ക്ഷണിതാക്കൾ, പ്രത്യേക ക്ഷണിതാക്കൾ, കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി അംഗങ്ങൾ, പ്രദേശ് കോൺഗ്രസ് കമ്മിറ്റി അംഗങ്ങൾ, സംസ്ഥാന നിയമസഭാ കക്ഷി നേതാക്കൾ, പാർലമെന്ററി പാർട്ടി ഭാരവാഹികൾ തുടങ്ങി ഇരുന്നൂറോളം നേതാക്കൾ യോഗത്തിൽ പങ്കെടുത്തു. ആരോഗ്യപരമായ കാരണങ്ങളാൽ സോണിയാ ഗാന്ധി എത്തിയില്ല.
ഒരു വർഷം നീളുന്ന
പ്രചാരണ പരിപാടി
ഇന്നുമുതൽ 2026 ജനുവരി 26വരെ 'ജയ് ബാപ്പു, ജയ് ഭീം, ജയ് സംവിധാൻ' (ഗാന്ധിജി, അംബേദ്‌കർ, ഭരണഘടന) എന്ന മുദ്രാവാക്യമുയർത്തി ഗ്രാമ, ബ്ളോക്ക്, ജില്ലാ തലങ്ങളിൽ തുടർച്ചയായി പ്രചാരണം സംഘടിപ്പിക്കുമെന്ന് കെ.സി.വേണുഗോപാൽ പറഞ്ഞു. രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയുടെ പ്രചോദനം ഉൾക്കൊണ്ട് ഭരണഘടനാ സംരക്ഷണത്തിനുള്ള യാത്ര അടക്കമാണിതെന്ന് ജയ്‌റാം രമേശ് വ്യക്തമാക്കി. തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിശ്വാസ്യത, വിലക്കയറ്റം, അഴിമതി അടക്കം വിഷയങ്ങളും പ്രചാരണങ്ങളിൽ ഉയർത്തും. പദയാത്ര സെമിനാറുകൾ, പൊതുയോഗങ്ങൾ തുടങ്ങിയവയ്‌ക്ക് പ്രാദേശിക, സംസ്ഥാന, ദേശീയ നേതാക്കൾ നേതൃത്വം നൽകും.
ബെൽഗാം എ.ഐ.സി.സി സമ്മേളന
വാർഷിക പോസ്റ്റർ വിവാദത്തിൽ
ന്യൂഡൽഹി: കർണാടകയിലെ ബെൽഗാമിൽ എ.ഐ.സി.സിയുടെ 39-ാം സമ്മേളനത്തിന്റെ ശതാബ്ദി ആഘോഷത്തിനായി തയ്യാറാക്കിയ പോസ്റ്ററിൽ ഇന്ത്യയുടെ മാപ്പ് തെറ്റായി രേഖപ്പെടുത്തിയത് വിവാദത്തിൽ. അധിനിവേശ കാശ്മീരിലെ ഗിൽജിത് പ്രദേശവും ചൈനീസ് നിയന്ത്രണത്തിലുള്ള അക്സായി ചിൻ മേഖലയും ഒഴിവാക്കിയാണ് ഭൂപടം തയ്യാറാക്കിയത്. വികലമായ ഭൂപടം പ്രദർശിപ്പിച്ച് കോൺഗ്രസ് രാജ്യത്തോട് അനാദരവ് കാണിച്ചെന്ന് കർണാടക ബി.ജെ.പി കുറ്റപ്പെടുത്തി. വോട്ട് ബാങ്കിനെ തൃപ്തിപ്പെടുത്താനുള്ള ലജ്ജാകരമായ പ്രവൃത്തിയാണ്. രാഹുൽ ഗാന്ധിയുടെ സ്നേഹത്തിന്റെ കട എപ്പോഴും ചൈനയ്ക്കായി തുറന്നിരിക്കുന്നു. അവർ രാജ്യത്തെ തകർക്കും- ബി.ജെ.പി കർണാടക ഘടകം എക്സിൽ കുറിച്ചു.
തെറ്റായ ഇന്ത്യൻ ഭൂപടം പ്രദർശിപ്പിക്കുന്നത് ഇന്ത്യൻ ശിക്ഷാ നിയമം പ്രകാരം കുറ്റകരമാണ്. സംഘാടകർക്കെതിരെ പൊലീസ് നടപടി വേണം. ഭൂപടം വളച്ചൊടിച്ചാണ് കോൺഗ്രസ് ചരിത്ര സമ്മേളനം ആഘോഷിക്കുന്നത്.
-ബസനഗൗഡ പാട്ടീൽ യത്നാൽ,
വിജയപുര എം.എൽ.എ, ബി.ജെ.പി
ഇന്ത്യൻ പാരമ്പര്യത്തിനും അന്നത്തെ മൂല്യങ്ങൾക്കും അനുസരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. പോസ്റ്ററിലെ പിഴവ് നീക്കം ചെയ്യും. മഹാത്മാഗാന്ധി എ.ഐ.സി.സി അദ്ധ്യക്ഷനായി ചുമതലയേറ്റത്തിന്റെ നൂറാം വാർഷികാഘോഷത്തിൽ ബി.ജെ.പിക്കും ആർ.എസ്.എസിനും പ്രശ്നമുണ്ട്.
-ഡി.കെ. ശിവകുമാർ,
ഉപമുഖ്യമന്ത്രി