d

ന്യൂഡൽഹി: നിരവധി നേതാക്കളുണ്ടായിട്ടും രാഷ്‌ട്രീയക്കാരൻ അല്ലാതിരുന്നിട്ടും 2004ലെ നിർണായക ഘട്ടത്തിൽ അന്നത്തെ കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി ഒരു സാമ്പത്തിക ശാസ്‌ത്രജ്ഞനെ പ്രധാനമന്ത്രി പദത്തിൽ നിയോഗിച്ചത് ഇന്ത്യൻ രാഷ്‌ട്രീയം കണ്ട മികച്ച 'ട്വിസ്റ്റ്' ആയിരുന്നു. പിന്നീടുള്ള പത്തു വർഷവും 10 ജൻപഥിൽ ഇരുന്ന് ഭരണത്തിന്റെ കടിഞ്ഞാൺ പിടിച്ച് സോണിയ രാഷ്‌ട്രീയ തീരുമാനങ്ങളെടുത്തു. എന്നാൽ രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ശക്തമാക്കാനുള്ള ദൗത്യമായിരുന്നു മൻമോഹൻ സിംഗ് എന്ന സാമ്പത്തിക വിദഗ്‌‌ദ്ധൻ പ്രധാനമന്ത്രി പദത്തിൽ നിർവഹിച്ചത്.

1991ൽ നരസിംഹ റാവു സർക്കാരിൽ ധനമന്ത്രിയായിരിക്കെ നടപ്പാക്കിയ ഉദാരവത്കരണം സമ്പദ്‌വ്യവസ്ഥയിൽ സൃഷ്‌ടിച്ച മാറ്റങ്ങൾ തുടരാൻ മൻമോഹന് പ്രധാനമന്ത്രി പദമാണ് യോജിച്ചതെന്ന് സോണിയ വിലയിരുത്തി. നയങ്ങളുടെ തുടർച്ചയ്‌ക്കും ഉദാരവത്‌കരണത്തിനുമെതിരെ അന്നുണ്ടായിരുന്ന എതിർപ്പുകൾ ഇല്ലാതാക്കാനും മൻമോഹന് കൂടുതൽ അധികാരങ്ങൾ ആവശ്യമായിരുന്നു. അതാണ് സോണിയ ഉറപ്പുനൽകിയത്. 1998ലെ പൊഖ്‌റാൻ ആണവ പരീക്ഷണങ്ങൾക്ക് ശേഷം, നിലവിൽ വന്ന ഉപരോധത്തിൽ ഇന്ത്യ പിടിച്ചു നിന്നതും മൻമോഹൻ ഇഫക്‌ടിലാണ്.

1991ൽ, കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന ഘട്ടത്തിലാണ് അദ്ദേഹം ധനമന്ത്രിയാകുന്നത്. 1990-91 ലെ ഗൾഫ് യുദ്ധം എണ്ണവില കുത്തനെ ഉയരാനും വിദേശത്തുള്ള ഇന്ത്യൻ തൊഴിലാളികൾ അയക്കുന്ന പണത്തിൽ കുറവുണ്ടാക്കാനും കാരണമായി. തത്ഫലമായി, ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം 6 ബില്യൺ ഡോളറിൽ താഴെയായി കുറഞ്ഞു. ഇത് ഇറക്കുമതിയെ അടക്കം ബാധിച്ചു.

അതോടെയാണ് സാമ്പത്തിക ഉദാരവത്കരണം അഥവാ സമ്പദ്‌വ്യവസ്ഥ തുറക്കൽ എന്ന നിർണായക തീരുമാനമുണ്ടായത്. ഇറക്കുമതി നിയന്ത്രണങ്ങൾ കുറച്ചു. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിച്ച് സ്വകാര്യവത്‌കരണം പ്രോത്‌സാഹിപ്പിച്ചു. വിവാദ തീരുമാനങ്ങൾക്കെതിരെ വ്യാപക എതിർപ്പുണ്ടായെങ്കിലും സർക്കാർ ശക്തിയുക്തം നടപ്പാക്കിയത് സമ്പദ്‌വ്യവസ്ഥയെ കരയ്‌ക്കടുപ്പിച്ചു. ആഗോള സാമ്പത്തിക പ്രതിസന്ധിയിൽ മറ്റ് പല രാജ്യങ്ങളും കുഴഞ്ഞ് വീണപ്പോൾ ഇന്ത്യയ്‌ക്ക് പിടിച്ചു നിൽക്കാനായത് ഈ നയങ്ങളുടെ കരുത്തുകൊണ്ടാണ്. 2014ൽ അധികാരത്തിലേറിയ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാർ പത്തുവർഷം കൊണ്ട് ഇന്ത്യയെ ലോകത്തെ അഞ്ചാം സാമ്പത്തിക ശക്തിയായി മാറ്റിയത് മൻമോഹൻ സിംഗ് 1991 ൽ ഇട്ട അടിത്തറമേൽ നിന്നുകൊണ്ടാണ്. എതിരാളികളെ കുടയുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ മുൻഗാമിയെക്കുറിച്ച് എപ്പോഴും നല്ലതേ പറയാറുള്ളൂ.

ചിന്താശീലനായ പണ്ഡിതനും ദീർഘദർശിയുമായി അറിയപ്പെട്ട മൻമോഹൻ സിംഗ് വിനയം കൊണ്ടും പ്രവർത്തന ശൈലികൊണ്ടും വ്യത്യസ്‌തനായിരുന്നു. ടുജി സ്‌പെക്‌ട്രം, കൽക്കരി കുംഭകോണം തുടങ്ങിയ അഴിമതി ആരോപണങ്ങൾ രണ്ടാം യു.പി.എ സർക്കാരിന്റെ പതനത്തിന്റെ ആക്കം കൂട്ടിയെങ്കിലും മൻമോഹൻസിംഗ് എന്ന വ്യക്തിയുടെ രാഷ‌്‌ട്രീയ ജീവിതത്തിലെവിടെയും അതിന്റെ കറ പതിഞ്ഞിരുന്നില്ല.