d

അടൽ ബിഹാരി വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാരിനെ താഴെയിറക്കി 2004ൽ കോൺഗ്രസ് തിരിച്ചുവരവിന് കളമൊരുങ്ങിയപ്പോൾ പ്രധാനമന്ത്രി പദത്തിൽ സോണിയ ഗാന്ധിക്കായിരുന്നു മുൻതൂക്കം. മകൻ രാഹുൽ ഗാന്ധി എതിർത്തതും ഇറ്റാലിയൻ ബന്ധവും അവർക്ക് തടസമായി. പ്രധാനമന്ത്രി കുപ്പായം തുന്നി കാത്തിരുന്ന പ്രണബ് മുഖർജി അടക്കം നേതാക്കളെ അമ്പരപ്പിച്ച് അവർ വിരൽ ചൂണ്ടിയത് മൻമോഹൻ സിംഗിനു നേരെ. അങ്ങനെ അദ്ദേഹം ആക്‌സിഡന്റൽ പ്രൈം മിനിസ്‌റ്റർ (അപ്രതീക്ഷിത പ്രധാനമന്ത്രി)ആയി. അതിനുമുൻപ് 1991 ജൂണിൽ പി.വി. നരസിംഹറാവു സർക്കാരിൽ അദ്ദേഹം ആക്‌സിഡന്റൽ ധനമന്ത്രിയുമായിരുന്നു.

രാഷ്‌ട്രീയക്കാരനല്ലാത്ത,ഒ രു സാമ്പത്തിക വിദഗ്ദ്ധനെ ധനമന്ത്രിയാക്കാമെന്ന് മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയും റാവുവിന്റെ സുഹൃത്തുമായ മലയാളി പി.സി അലക്‌സാണ്ടർ നിർദ്ദേശിച്ചു. മുൻ ആർ.ബി.ഐ ഗവർണർ ഐ.ജി പട്ടേലിനെ സമീപിച്ചെങ്കിലും ഓഫർ നിരസിച്ചു. ആർ.ബി.ഐയിലെ പട്ടേലിന്റെ പിൻഗാമി മൻമോഹൻ സിംഗിന്റെ പേരുയർന്നത് അങ്ങനെ. രാത്രി വൈകിയാണ് തീരുമാനമായത്. ഉറക്കമായിരുന്ന മൻമോഹനെ വിളിച്ചുണർത്തി കാര്യം പറഞ്ഞ് സമ്മതിപ്പിച്ചതും അലക്‌സാണ്ടർ.

1991 ജൂൺ 22ന് രാവിലെ മൻമോഹൻ യു.ജി.സിയിലെ തന്റെ ഓഫീസിലിരിക്കെ നിർദ്ദിഷ്‌ട പ്രധാനമന്ത്രി റാവുവിന്റെ ഫോൺ. ''അവിടെ എന്താണ് ചെയ്യുന്നത്? വീട്ടിൽ പോയി വേഷം മാറി രാഷ്ട്രപതി ഭവനിലേക്ക് വരൂ. താങ്കളാണ് പുതിയ ധനമന്ത്രി''. അന്ന് ഉച്ചതിരിഞ്ഞ് റാവുവിനൊപ്പം സത്യപ്രതിജ്ഞ ചെയ്ത ഏതാനും കാബിനറ്റ് മന്ത്രിമാരിൽ മൻമോഹനുമുണ്ടായിരുന്നു.

വൻ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ റിസ്‌ക് എടുക്കണമെന്ന് മൻമോഹൻ നിർദ്ദേശിച്ചു. ഒരു വൻ സാമ്പത്തിക പരീക്ഷണമാണ് അദ്ദേഹം മുന്നിൽ കണ്ടത്. മുണ്ട് മുറുക്കുകയല്ല,വലിയ കാര്യങ്ങളിലേക്ക് നീങ്ങുകയാണെന്ന് രാഷ്‌ട്രീയ നേതൃത്വത്തെ ബോധ്യപ്പെടുത്തി. ഉറ്റ സഹായി സോവിയറ്റ് യൂണിയന്റെ തകർച്ചയും യു.എസ് അധിഷ്‌ഠിത ഏകധ്രുവ സമ്പദ്‌വ്യവസ്ഥയും മുന്നിൽ കണ്ടുള്ള നീക്കമാണ് അദ്ദേഹം ആസൂത്രണം ചെയ്‌തത്. എന്നാൽ സബ്‌സിഡി അടക്കം സാമൂഹ്യക്ഷേമ പദ്ധതികളിൽ കത്തിവയ്‌ക്കുന്നത് ഗ്രാമീണ വോട്ടുബാങ്കിൽ ചോർച്ചയുണ്ടാക്കുമെന്ന ഭയത്തിൽ നിയന്ത്രണങ്ങൾ ഒഴിവാക്കാൻ തീരുമാനിച്ചു. ഇതിന്റെ പേരിൽ സിംഗ് രാജിക്കത്ത് നൽകിയെങ്കിലും റാവു സ്വീകരിച്ചില്ല.

1996ൽ റാവു സർക്കാർ വീണപ്പോൾ മൻമോഹനാണ് രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് പദം ലഭിച്ചത്. സഭയിൽ ഭരണപക്ഷത്തെ വിമർശിക്കാതെ നിശബ്‌ദമായി എല്ലാം വീക്ഷിച്ച അദ്ദേഹം പതിയെ തികഞ്ഞ രാഷ്‌ട്രീയക്കാരനായി മാറി. 2004ൽ പ്രധാനമന്ത്രി പദം കയ്യാളുമ്പോഴേക്കും രാഷ്‌‌ട്രീയ പക്വത കൈവരിച്ചു. 1998ൽ പ്രധാനമന്ത്രി പദം വാഗ്ദാനം ചെയ്‌ത് തൃണമൂലിലെത്തിക്കാൻ മമതാ ബാനർജി ശ്രമിച്ചിരുന്നു. ഒരു സിക്കുകാരൻ ഒരിക്കലും പ്രധാനമന്ത്രിയാകില്ലെന്ന് പറഞ്ഞാണ് അദ്ദേഹം ഓഫർ തള്ളിയത്.

പ്രത്യേകിച്ച് രാഷ്‌ട്രീയ ലക്ഷ്യങ്ങളില്ലാതിരുന്ന മൻമോഹൻസിംഗിനെ സോണിയയ്ക്കും ഇഷ്‌ടമായി. മറ്റ് മുതിർന്ന നേതാക്കളെക്കാൾ രാഷ്‌ട്രീയ കാര്യങ്ങൾ ചർച്ച ചെയ്‌തു. 2004ൽ പ്രധാനമന്ത്രി പദത്തിലേക്ക് നിർദ്ദേശിച്ചത് ഇതിന്റെ തുടർച്ച. 'ഡോക്‌ടർ' അല്ലെങ്കിൽ 'സർ' എന്നാണ് സോണിയ അഭിസംബോധന ചെയ്തിരുന്നത്. അദ്ദേഹം തിരിച്ച് 'മാഡം' അല്ലെങ്കിൽ 'സോണിയാജി' എന്നും. ഈ രസതന്ത്രമാണ് 2004-2014 കാലത്തെ ഒന്നും രണ്ടും യു.പി.എ സർക്കാരുകളുടെ അടിത്തറയായതും.

രാഷ്‌ട്രീയ തീരുമാനങ്ങൾ സോണിയയുടെ 10 ജൻപഥ് വസതിയിൽ നിന്നായതിനാൽ സഹമന്ത്രിമാർ പോലും പ്രധാനമന്ത്രിയെ ഗൗനിച്ചില്ല. മൻമോഹൻ സംസാരിക്കാറില്ലെന്നും സംസാരിച്ചാൽ അത് ആരും കേൾക്കാറില്ലെന്നും ബി.ജെ.പി നേതാവ് സുഷമാ സ്വരാജ് പരിഹസിച്ചിരുന്നു. ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികളുടെ അയോഗ്യത സംബന്ധിച്ച സുപ്രീംകോടതി വിധിയെ മറികടക്കാനുള്ള ഓർഡിനൻസിന്റെ പകർപ്പ് എം.പി മാത്രമായിരുന്ന രാഹുൽ ഗാന്ധി കീറിയെറിഞ്ഞത് മൻമോഹനെ വിഷമിപ്പിച്ചു (ഈ വിധി പിന്നീട് രാഹുലിന് ലോക്‌സഭാംഗത്വം നഷ്‌ടമാകാൻ ഇടയാക്കിയത് കൗതുകകരം). രാജിക്കത്ത് എഴുതി പോക്കറ്റലിട്ടെങ്കിലും നൽകിയില്ല. രാഹുൽ നേരിട്ടെത്തി മാപ്പു പറഞ്ഞതോടെ വിഷമം മാറിയെന്ന് അദ്ദേഹം പിന്നീട് വെളിപ്പെടുത്തി.

എന്നാൽ ആണവകരാറിന്റെ കാര്യത്തിൽ മൻമോഹന്റെ നിലപാടാണ് വിജയിച്ചത്. സി.പി.എം പിന്തുണ പിൻവലിക്കുമെന്ന് ഉറപ്പായിട്ടും അദ്ദേഹം സോണിയയെ നിർബന്ധിച്ചു. സോണിയയുടെ രാഷ്‌ട്രീയ ഉപദേശകൻ അഹമ്മദ് പട്ടേൽ 'അയാൾ ആരാ ഇതൊക്കെ തീരുമാനിക്കാൻ' എന്ന് ചോദിച്ചത്രേ. സി.പി.എമ്മിന് പകരം സമാജ്‌വാദിയുടെ പിന്തുണ ഉറപ്പാക്കാൻ മൻമോഹൻസിംഗിന് സാധിച്ചു.

2014ൽ പ്രധാനമന്ത്രി പദത്തിൽ നിന്നിറങ്ങിയ ശേഷം ഡൽഹി മോത്തിലാൽ നെഹ്‌റു മാർഗിലെ മൂന്നാം നമ്പർ ബംഗ്ലാവിലേക്ക് മാറി(ഡൽഹി മുൻ മുഖ്യമന്ത്രി ഷീലാദീക്ഷിതിന്റെ മുൻ വസതി). യു.പി.എ സർക്കാരിലെ മുൻ സഹപ്രവർത്തകരും ബന്ധുക്കളും സ്ഥിരം സന്ദർശകർ. ഏറെക്കാലമായി ശാരീരിക അസ്വസ്ഥതകൾ വലച്ചതിനൊടുവിൽ അന്ത്യം.