d

ന്യൂഡൽഹി: പ്രതികൂല സാഹചര്യങ്ങളെ മറികടന്ന് എങ്ങനെ ഉയരങ്ങളിലെത്താമെന്ന് വരുംതലമുറകളെ പഠിപ്പിക്കുന്നതാണ് മൻമോഹൻ സിംഗിന്റെ ജീവിതമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കരുണയുള്ള വ്യക്തി, സാമ്പത്തിക വിദഗ്‌ദ്ധൻ, പരിഷ്കരണങ്ങൾക്കായി ജീവിതം സമർപ്പിച്ച നേതാവ് എന്നീ നിലകളിൽ അദ്ദേഹം എന്നും ഓർമിക്കപ്പെടുമെന്ന് അനുശോചന വീഡിയോ സന്ദേശത്തിൽ പ്രധാനമന്ത്രി പറഞ്ഞു.

മൻമോഹൻസിംഗ് കക്ഷിരാഷ്ട്രീയത്തിന് അതീതമായി ഉയർന്നു. എല്ലാവർക്കും അനായാസം അദ്ദേഹത്തെ സമീപിക്കാനായി. അദ്ദേഹത്തിന്റെ വിയോഗം രാജ്യത്തിന് കനത്ത നഷ്ടമാണ്. ജീവിതത്തിന്റെ എല്ലാ മേഖലകളിലും വിജയം കൈവരിക്കൽ സാധാരണ നേട്ടമല്ല.

ഡോ. മൻമോഹൻ രാജ്യത്തെ പുതിയ സാമ്പത്തിക പാതയിലേക്ക് നയിച്ചു. രാജ്യത്തിന്റെ വികസനത്തിനും പുരോഗതിക്കുമായുള്ള സംഭാവനകൾ എക്കാലവും സ്മരിക്കപ്പെടും. അദ്ദേഹത്തിന്റെ ജീവിതം സത്യസന്ധതയുടെയും ലാളിത്യത്തിന്റെയും പ്രതിഫലനമാണ്. ശാരീരിക അവശതകൾക്കിടയിലും വീൽചെയറിൽ വന്ന് പാർലമെന്ററി ചുമതലകൾ നിറവേറ്റി. തന്റെ വിനീതമായ പശ്ചാത്തലത്തിന്റെ മൂല്യങ്ങൾ ഒരിക്കലും മറന്നില്ലെന്നും മോദി പറഞ്ഞു.