manmohan-singh

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന് ഡൽഹി യമുനാ തീരത്തെ നിഗംബോധ് ഘട്ടിൽ അന്ത്യവിശ്രമം. പൂർണ സൈനിക ബഹുമതികളോടെ ചന്ദനത്തടികൾ കൂട്ടിയ ചിതയിൽ സിക്ക് ആചാരപ്രകാരമായിരുന്നു സംസ്‌കാരം. ഇളയ മകൾ ഉപീന്ദർ സിംഗ് ചിതയ്‌ക്ക് തീകൊളുത്തി. രാവിലെ 11.45നാണ് ചടങ്ങ് തുടങ്ങിയത്. ആചാര്യ യോഗേഷ് കുമാർ ശർമ്മ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

രാജ്ഘട്ടിൽ സംസ്‌കാരം നടത്തണമെന്ന കോൺഗ്രസ് ആവശ്യം തള്ളിയത് വിവാദമായിരുന്നു. ഇതിന് പിന്നാലെ മൻമോഹൻ സിംഗിന് സ്‌മാരകം പണിയാൻ സ്ഥലം അനുവദിക്കുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു.

ഇന്നലെ രാവിലെ എട്ടിനാണ് ഡൽഹി മോത്തിലാൽ റോഡിലെ മൂന്നാം നമ്പർ വസതിയിൽ നിന്ന് ഭൗതികദേഹം അരകിലോമീറ്റർ അകലെയുള്ള അക്ബർ റോഡിലെ എ.ഐ.സി.സി ആസ്ഥാനത്തെത്തിച്ചത്. പൊതുദർശനത്തിന് ശേഷം 10.30ന് പത്തുകിലോമീറ്റർ അകലെയുള്ള നിധംബോധ് ഘട്ടിലേക്കുള്ള വിലാപയാത്ര തുടങ്ങി. പൂക്കളാൽ അലങ്കരിച്ച സൈനിക വാഹനത്തിലാണ് ശവമഞ്ചം കൊണ്ടുപോയത്. രാഹുൽ ഗാന്ധിയടക്കമുള്ള നേതാക്കൾ അനുഗമിച്ചു. പ്രവർത്തകർ 'മൻമോഹൻസിംഗ് അമർ രഹേ" എന്നുറക്കെ വിളിച്ചു.

 ചിതയൊരുക്കിയത് വി.ഐ.പി ഘട്ടിൽ

ശ്‌മശാനത്തിലെ വി.ഐ.പി ഘട്ടിലാണ് ചിതയൊരുക്കിയത്. തുടർന്ന് നേതാക്കൾ ആദരാഞ്ജലിയർപ്പിച്ച ശേഷം സൈന്യം 21 ആചാരവെടി മുഴക്കി. രാഷ്‌ട്രപതി ദ്രൗപദി മുർമു, ഉപരാഷ്‌ട്രപതി ജഗ്‌ദീപ് ധൻകർ, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്നാഥ്, കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, സോണിയാ ഗാന്ധി, പ്രിയങ്കാ ഗാന്ധി, ഭൂട്ടാൻ രാജാവ് ജിഗ്‌മേ ഖേസർ നാംഗ്യേൽ വാങ്‌ചുക്ക്, മൗറീഷ്യസ് വിദേശകാര്യ മന്ത്രി ധനഞ്ജയ് റാംഫു, ഡൽഹി ലെഫ്റ്റനന്റ് ഗവർണർ വി.കെ. സക്‌സേന, മുഖ്യമന്ത്രി അതിഷി തുടങ്ങിയവർ അന്ത്യാഞ്ജലിയർപ്പിച്ചു. നിധംബോധി ഘട്ടിലും പരിസരത്തും കമ്മിഷണർ സഞ്ജയ് അറോറയുടെ നേതൃത്വത്തിൽ ഡൽഹി പൊലീസ് കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നു. കോൺഗ്രസ് ആസ്ഥാനം മുതൽ നിധംബോധ് ഘട്ടുവരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.