
ന്യൂഡൽഹി: മോത്തിലാൽ റോഡിലെ മൂന്നാം നമ്പർ വസതിയിൽ നിന്ന് മൻമോഹൻ സിംഗിന്റെ ഭൗതിക ശരീരം കോൺഗ്രസ് ആസ്ഥാനത്തേക്ക് കൊണ്ടുവരുമെന്നറിഞ്ഞ് തണുപ്പും മഞ്ഞും മഴയും വകവയ്‌ക്കാതെ നൂറുകണക്കിന് പ്രവർത്തകർ അവിടേക്കെത്തി. രാവിലെ എട്ടോടെ അലങ്കരിച്ച സൈനിക വാഹനത്തിൽ ഭൗതിക ശരീരമെത്തിയപ്പോൾ അവർ ഉള്ളുരുകി വിളിച്ചു, 'മൻമോഹൻസിംഗ് അമർ രഹേ"...
കോൺഗ്രസ് ആസ്ഥാനത്തെ ഹാളിൽ പൊതുദർശനത്തിനുവച്ച ഭൗതിക ശരീരത്തിൽ സോണിയ ഗാന്ധി ഉൾപ്പെടെയുള്ളവർ ആദരാഞ്ജലി അർപ്പിച്ചു. രാഹുൽ ഗാന്ധിയും പ്രിയങ്കയും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലും ചടങ്ങുകൾക്ക് മേൽനോട്ടം വഹിച്ചു. മൻമോഹൻ സിംഗിന്റെ ഭാര്യ ഗുർശരൺ കൗറും മകൾ ദമൻ സിംഗും പാർട്ടി ആസ്ഥാനത്തെത്തിയിരുന്നു.
കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢി, ഹിമാചൽപ്രദേശ് മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖു, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ, എം.പിമാരായ പി.ചിദംബരം, മനീഷ് തിവാരി, രാജസ്ഥാൻ മുൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്, നേതാക്കളായ പവൻ ഖേര, ജയറാം രമേഷ്, ഗൗരവ് ഗൊഗോയ് തുടങ്ങിയവരും അന്തിമോപചാരം അർപ്പിച്ചു.