
ന്യൂഡൽഹി: പാണ്ഡവ രാജാവ് യുധിഷ്‌ഠിരൻ സ്ഥാപിച്ചതെന്നാണ് കരുതുന്ന നിഗം ബോധ് ഘട്ടിലാണ് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന് അന്ത്യവിശ്രമമൊരുക്കിയത്. രണ്ടുദിവസമായി പെയ്യുന്ന മഴ തോർന്നതിനാൽ ചടങ്ങുകൾ സുഗമമായി.
സംസ്കാരച്ചടങ്ങിനോടനുബന്ധിച്ച് ഓൾഡ് ഡൽഹി റെയിൽവേ സ്റ്റേഷൻ, കാശ്‌മീരി ഗേറ്റ് അന്തർ സംസ്ഥാന ബസ് സ്റ്റാൻഡ്, ചെങ്കോട്ട, ചാന്ദ്‌നി ചൗക്ക്, തീസ് ഹസാരി കോടതി എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാരെ വഴിതിരിച്ചു വിട്ടിരുന്നു. റോഡരികിലെ പാർക്കിംഗ് ഒഴിവാക്കി.
11 മണിയോടെ നിഗം ബോധ് ഘട്ടിലേക്ക് വി.ഐ.പികളെത്തി തുടങ്ങി. കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജ്ജുൻ ഖാർഗെ, ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, സോണിയാഗാന്ധി, പ്രിയങ്കാഗാന്ധി എന്നിവർ ആദ്യമെത്തി. 11.15ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനവ്യൂഹവുമെത്തി. തുടർന്ന് നേതാക്കൾ ഭൗതിക ശരീരത്തിൽ ആദരാഞ്ജലി അർപ്പിച്ചു.
ചിതയ്‌ക്ക് അൽപം മാറി തയ്യാറാക്കിയ പന്തലിൽ രാഷ്‌ട്രപതി, ഉപരാഷ്‌ട്രപതി, പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്നാഥ് സിംഗ്, കിരൺറിജിജു, കേന്ദ്രമന്ത്രിയും ബി.ജെ.പി അദ്ധ്യക്ഷനുമായ ജെ.പി. നദ്ദ, ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ അനിൽ ചൗഹാൻ, ഭൂട്ടാൻ രാജാവ് ജിഗ്‌മേ ഖേസർ നാംഗ്യേൽ വാങ്‌ചുക്ക്, മൗറീഷ്യസ് വിദേശകാര്യ മന്ത്രി ധനഞ്ജയ് റാംഫുൾ, സോണിയാഗാന്ധി എന്നിവർക്ക് ഇരിപ്പിടമൊരുക്കിയിരുന്നു.
 വീണ്ടെടുപ്പിന്റെ നിഗംബോധ് ഘട്ട്
ചെങ്കോട്ടയുടെ പിൻഭാഗത്ത് റിംഗ് റോഡിൽ യമുന നദിയുടെ തീരത്താണ് നിഗംബോധ് ഘട്ട്. ബ്രഹ്മാവിന്റെ നഷ്ടപ്പെട്ട ഓർമ്മകളും അറിവും ഇവിടെ കുളിച്ചപ്പോൾ വീണ്ടെടുത്തെന്ന വിശ്വാസത്താലാണ് നിഗംബോധ് ഘട്ട് (അറിവിന്റെ സാക്ഷാത്കാരം) എന്ന പേര്. ഒരേസമയം 50-60 ചിതകൾ കത്തിക്കാൻ സൗകര്യം. വൈദ്യുതി, സി.എൻ.ജി എന്നിവ ഉപയോഗിച്ചും ചിത കത്തിക്കാം.