kio

ന്യൂഡൽഹി: നിരാഹാരസമരം നടത്തുന്ന കർഷക നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാളിന്റെ ആരോഗ്യ കാര്യത്തിൽ പഞ്ചാബ് സർക്കാരിനും കർഷക സംഘടനകൾക്കും സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം. ദല്ലേവാളിനെ 31നകം ആശുപത്രിയിൽ പ്രവേശിപ്പിക്കണമെന്ന് കോടതി നിർദ്ദേശിച്ചു. ചികിത്സ നടപ്പാക്കാനാകാത്തതിലാണ് സർക്കാരിന് വിമർശനം. സമരരീതി ശരിയല്ലെന്ന് കർഷക സംഘടനകളോടും വ്യക്തമാക്കി. പഞ്ചാബ് സർക്കാരിന് ആവശ്യമായ പിന്തുണ നൽകാൻ കേന്ദ്ര സർക്കാരിനോട് കോടതി ഉത്തരവിട്ടു.

ദല്ലേവാളിനെ ബലപ്രയോഗത്തിലൂടെ ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിച്ചാൽ ജീവനും സ്വത്തിനും നഷ്‌ടമുണ്ടാകുമെന്നും നിസഹായരാണെന്നും പഞ്ചാബ് സ്റ്റേറ്റ് ചീഫ് സെക്രട്ടറിയും പൊലീസ് മേധാവിയും സത്യവാങ്‌മൂലം നൽകിയതിലാണ് ജസ്റ്റിസുമാരായ സൂര്യകാന്ത്, സുധാംശു ധൂലിയ എന്നിവരടങ്ങിയ അവധിക്കാല ബെഞ്ച് അതൃപ്‌തി പ്രകടിപ്പിച്ചത്.

ഭരണഘടനാപരമായി തിരഞ്ഞെടുക്കപ്പെട്ട ഭരണകൂടം നിസഹായത പ്രകടിപ്പിക്കുന്നതിന്റെ അനന്തരഫലങ്ങളെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോയെന്ന് ജസ്റ്റിസ് സൂര്യകാന്ത് ചോദിച്ചു. കർഷക നേതാക്കളുടെ ചെറുത്തുനിൽപ്പാണ് പ്രശ്‌നമെന്ന് പഞ്ചാബ് എ.ജി ഗുർവിന്ദർ സിംഗ് മറുപടി നൽകിയപ്പോൾ നിയമപരമായ നടപടിക്കെതിരെ എതിർപ്പുണ്ടെങ്കിൽ, നേരിടണമെന്ന് നിരീക്ഷിച്ചു. സമരം രൂക്ഷമാകാൻ പഞ്ചാബ് സർക്കാർ ഉത്തരവാദിയാണെന്നും കോടതി വ്യക്തമാക്കി.

വിളകൾക്ക് നിയമപരമായ മിനിമം താങ്ങുവില അടക്കം ആവശ്യങ്ങൾ ഉന്നയിച്ച് നവംബർ 26 മുതൽ ഖനൗരി അതിർത്തിയിൽ ദല്ലേവാൾ മരണം വരെ നിരാഹാര സമരം നടത്തിവരികയാണ്. ക്യാൻസർ രോഗിയായ അദ്ദേഹത്തിന് വാർദ്ധക്യസഹജമായ അസുഖങ്ങളുമുണ്ട്.

കർഷക നിലപാട്

ശരിയല്ല

സഹപ്രവർത്തകന് വൈദ്യസഹായം നിഷേധിക്കുന്ന കർഷകരുടെ നിലപാട് ശരിയല്ല. ദല്ലേവാളിന്റെ മരണം വിളിച്ചുവരുത്തുകയാണോ. ശുശ്രൂഷയ്‌ക്ക് ആശുപത്രിയിലേക്ക് മാറ്റുന്നതിനെ എതിർക്കുന്നവർ അഭ്യുദയകാംക്ഷികളല്ല. ഒരു നേതാവിനെ ഇല്ലാതാക്കുകയാണ്. പ്രക്ഷോഭത്തിന്റെ പേരിൽ അക്രമത്തിന്റെ മുഖം കാണാൻ താത്പര്യമില്ലെന്ന് കർഷകരെ അറിയിക്കണമെന്നും കോടതി നിരീക്ഷിച്ചു.

കേന്ദ്ര സർക്കാർ കർഷകരുമായി ചർച്ച നടത്തി ദല്ലേവാളിനെ സമ്മതിപ്പിക്കണമെന്ന് ഗുർവിന്ദർ സിംഗ് നിർദ്ദേശിച്ചു. സ്ഥിതിഗതികൾ പരിഹരിക്കാൻ കേന്ദ്രസർക്കാർ എന്തെങ്കിലും ചെയ്യണമെന്ന് ജസ്റ്റിസ് ധൂലിയ ചൂണ്ടിക്കാട്ടി. കൂടുതൽ സമയം നൽകണമെന്ന് സിംഗ് അഭ്യർത്ഥിച്ചതിനെ തുടർന്ന് കേസ് 31ലേക്ക് മാറ്റി. ദല്ലേവാളിന് അടിയന്തര വൈദ്യസഹായം നൽകണമെന്ന ഡിസംബർ 20ലെ കോടതി ഉത്തരവ് പാലിക്കാത്തതിന് പഞ്ചാബ് ചീഫ് സെക്രട്ടറിക്കും പൊലീസ് മേധാവിക്കും എതിരെ സമർപ്പിച്ച കോടതിയലക്ഷ്യ ഹർജിയിൽ നോട്ടീസ് അയച്ചു.

ചർച്ച വേണം: സി.പി.എം

ആവശ്യങ്ങൾ പരിഹരിക്കുന്നതിന് കർഷക സംഘടനകളുടെയും സംയുക്ത വേദികളുടെയും പ്രതിനിധികളുമായി കേന്ദ്ര സർക്കാർ ഉടൻ ചർച്ച നടത്തണമെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു. ദല്ലേവാളിന്റെ ആരോഗ്യസ്ഥിതിയിൽ ആശങ്ക രേഖപ്പെടുത്തി.