
ന്യൂഡൽഹി: ഭരണഘടന രാജ്യത്തെ നയിക്കുന്ന വെളിച്ചമാണെന്നും കുട്ടികളും യുവാക്കളും അതിനെ അടുത്തറിയണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഇക്കൊല്ലത്തെ അവസാന പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ മൻകീ ബാത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
2025 ജനുവരി 26ന് ഭരണഘടന അതിന്റെ 75 വർഷം പൂർത്തിയാക്കുന്നത് അഭിമാനകരമാണ്. ഭരണഘടന കാലത്തിന്റെ പരീക്ഷണത്തെ അതിജീവിച്ചു. രാജ്യത്തെ പൗരന്മാരെ ഭരണഘടനയുടെ പൈതൃകവുമായി ബന്ധിപ്പിക്കാൻ constitution75.com എന്ന പേരിൽ വെബ്സൈറ്റ് തയ്യാറാക്കിയിട്ടുണ്ട്. ഇതിൽ, ഭരണഘടനയുടെ ആമുഖം വായിച്ച് വീഡിയോ അപ് ലോഡ് ചെയ്യാം. വിവിധഭാഷകളിൽ ഭരണഘടന വായിക്കാനും ഭരണഘടനയെക്കുറിച്ച് ചോദ്യങ്ങൾ ചോദിക്കാനും കഴിയും. മൻ കീ ബാത്ത് ശ്രോതാക്കളും സ‌്‌കൂൾ, കോളേജ് വിദ്യാർത്ഥികളും വെബ്സൈറ്റ് സന്ദർശിച്ച് ഭരണഘടനയെ അടുത്തണറിയണമെന്ന് മോദി അഭ്യർത്ഥിച്ചു.
അടുത്തമാസം 13 മുതൽ ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ നടക്കുന്ന മഹാകുംഭമേള ഐക്യത്തിന്റെയും വൈവിധ്യത്തിന്റെയും വേദിയാകുമെന്ന് ചൂണ്ടിക്കാട്ടി. കുംഭമേളയിൽ പങ്കെടുത്ത് വിഭാഗീയതയും വിദ്വേഷവും തുടച്ചുനീക്കുമെന്ന പ്രതിജ്ഞയെടുക്കാം.
നൂറാം ജൻമദിനം പിന്നിട്ട അന്തരിച്ച നടൻ രാജ്കപൂർ, ഗായകൻ മുഹമ്മദ് റാഫി, തെലുങ്ക് നടൻ അക്കിനേനി നാഗേശ്വര റാവു എന്നിവരെ മോദി അനുസ്‌മരിച്ചു.
ഇന്ത്യയെ ആഗോള ഉള്ളടക്ക നിർമ്മാണത്തിന്റെ കേന്ദ്രമാക്കി മാറ്റുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പാണ് അടുത്തവർഷം, നടക്കുന്ന വേൾഡ് ഓഡിയോ വിഷ്വൽ എന്റർടൈൻമെന്റ് സമ്മിറ്റെന്ന് (വേവ്സ് ഉച്ചകോടി) അദ്ദേഹം പറഞ്ഞു.
കാൻസറിനെ പ്രതിരോധിക്കൻ സമയബന്ധിതമായ രോഗനിർണയവും ചികിത്സയും ഉറപ്പാക്കുകയെന്ന ബോധവത്‌ക്കരണം പ്രോത്‌സാഹിപ്പിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.