k

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ചൗധരി ചരൺ സിംഗിന്റെ സമാധിയായ കിസാൻ ഘട്ടിനു സമീപം, അന്തരിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻസിംഗിന് സ്‌മാരകം നിർമ്മിച്ചേക്കുമെന്ന് സൂചന. കേന്ദ്രസർക്കാർ ഇതടക്കമുള്ള സ്ഥലങ്ങളുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി കോൺഗ്രസിന് കൈമാറി. ഗാന്ധിജിയുടെ അന്ത്യവിശ്രമ സ്ഥലമായ രാജ്ഘട്ട് മേഖലയോട് ചേർന്നാണ് കിസാൻഘട്ടും.

അതിനിടെ മൻമോഹൻ സിംഗിന് പൊതുശ്‌മശാനമായ നിഗംബോധ് ഘട്ടിൽ സംസ്‌കാരം ഒരുക്കിയതിലെ പ്രതിഷേധം കോൺഗ്രസ് തുടരുന്നു. സ്മാരകം പണിയാവുന്ന സ്ഥലത്ത് സംസ്‌കാരം നടത്താതിരുന്നതിലാണ് പ്രതിഷേധം.

രാഹുൽ ഗാന്ധി:

നിഗംബോധ് ഘട്ടിൽ സിംഗിന്റെ അന്ത്യകർമങ്ങൾ നടത്തി ഭാരതമാതാവിന്റെ മഹാനായ പുത്രനെയും സിക്ക് സമുദായത്തിന്റെ ആദ്യ പ്രധാനമന്ത്രിയെയും സർക്കാർ അവഹേളിച്ചു. മുൻ പ്രധാനമന്ത്രിമാരുടെ അന്തസ് മാനിച്ച് പ്രത്യേകം സംസ്‌കരിക്കാറുണ്ട്. .

പ്രിയങ്കാ ഗാന്ധി

മുൻ പ്രധാനമന്ത്രിയുടെ പദവിയോടും മൻമോഹൻ സിംഗിന്റെ വ്യക്തിത്വത്തോടും പാരമ്പര്യത്തോടും സർക്കാർ നീതി പുലർത്തിയില്ല. രാഷ്ട്രീയത്തിനും സങ്കുചിതത്വത്തിനും അതീതമായി സർക്കാർ ചിന്തിക്കേണ്ടതായിരുന്നു. നിധംബോധ് ഘട്ടിൽ മതിയായ സൗകര്യമില്ലാതെ കുടുംബാംഗങ്ങളും പൊതുജനങ്ങളും ബുദ്ധിമുട്ടി.

പവൻ ഖേര, കോൺഗ്രസ്

കേന്ദ്രമന്ത്രി അമിത് ഷായുടെ വാഹനവ്യൂഹം ശവസംസ്കാര യാത്ര തടസ്സപ്പെടുത്തി. മൻമോഹന്റെ കുടുംബാംഗങ്ങളെ ശ്‌മശാനത്തിനുള്ളിൽ കയറ്റിയില്ല.

ആരോപണം തള്ളി

ബി.ജെ.പി

കോൺഗ്രസ് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയാണെന്ന് ബി.ജെ.പി അദ്ധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ജെ.പി. നദ്ദ വിശദീകരിച്ചു. സ്‌മാരകത്തിന് സ്ഥലങ്ങളുടെ ചുരുക്കപ്പട്ടിക തയ്യാറാക്കിയത് കുടുംബത്തെ അറിയിച്ചിരുന്നു.പ്രധാനമന്ത്രിയായിരുന്നപ്പോൾ സോണിയാ ഗാന്ധിയെ 'സൂപ്പർ പിഎം' ആക്കി അധികാരം കവർന്നെടുത്തവർ മൻമോഹൻസിംഗിനെ പേരിൽ രാഷ്ട്രീയം കളിക്കുകയാണ്. പ്രധാനമന്ത്രിമാരെ ആദരിക്കാൻ മോദി സർക്കാർ പ്രധാനമന്ത്രി മ്യൂസിയം സ്ഥാപിച്ചു. കുടുംബക്കാർക്ക് വേണ്ടി മാത്രമാണ് കോൺഗ്രസ് സ്മാരകങ്ങൾ നിർമ്മിച്ചത്. മുൻ പ്രധാനമന്ത്രിമാരായ വാജ്‌പേയിക്കും നരസിംഹറാവുവിനും അർഹമായ ബഹുമാനം നൽകിയില്ല.

ചിതാഭസ്‌മം

നിമജ്ജനം ചെയ്‌തു

വെള്ളിയാഴ്‌ച നിധംബോധ് ഘട്ടിൽ സംസ്‌കാരം നടത്തിയ മൻമോഹൻസിംഗിന്റെ ചിതാഭസ്‌മം ഡൽഹി മജ്‌നു കാ തില സാഹിബ് ഗുരുദ്വാരയ്‌ക്ക് സമീപമുള്ള യമുനാ ഘട്ടിൽ നിമജ്ജനം ചെയ്തു. മൻമോഹൻസിംഗിന്റെ ഭാര്യ ഗുർശരൺ കൗറും പങ്കെടുത്തു. ഗുരുദ്വാരയിൽ പ്രാർത്ഥനാ ചടങ്ങുമുണ്ടായിരുന്നു.