s

ന്യൂഡൽഹി: വരുന്ന തിരഞ്ഞെടുപ്പിൽ ഭരണത്തുടർച്ചയുണ്ടായാൽ ഡൽഹിയിൽ ക്ഷേത്ര പൂജാരിമാർക്കും ഗുരുദ്വാരകളിലെ ഗ്രന്ഥിമാർക്കും പ്രതിമാസം 18,000 രൂപ ധനസഹായം നൽകുമെന്ന് ആം ആദ്മി പാർട്ടി. 'പൂജാരി, ഗ്രന്ഥി സഖാൻ രാശി പദ്ധതി' എന്ന് പേരുമിട്ടു.

ഡൽഹി ജനസംഖ്യയുടെ 20 ശതമാനം വരുന്ന പണ്ഡിറ്റ്, സിഖ് വോട്ടർമാരെ ലക്ഷ്യമിട്ടാണ് പ്രഖ്യാപനം. സ്ത്രീകൾ, ദളിതർ, മുതിർന്ന പൗരന്മാർ തുടങ്ങി പ്രത്യേക വിഭാഗത്തിലുള്ള വോട്ടർമാരെ ലക്ഷ്യമിട്ട് പാർട്ടി നാല് ക്ഷേമപദ്ധതികൾ വേറെയും പ്രഖ്യാപിച്ചിട്ടുണ്ട്.

സഖാൻ രാശി രജിസ്‌ട്രേഷൻ ഇന്ന് ഡൽഹി കൊണാട്ട് പ്ലേസിലെ ഹനുമാൻ ക്ഷേത്രത്തിൽ ആരംഭിക്കുമെന്ന് ആംആദ്‌മി ദേശീയ കൺവീനർ അരവിന്ദ് കേജ്‌രിവാൾ പറഞ്ഞു. തുടർന്ന് 70 മണ്ഡലങ്ങളിലും രജിസ്ട്രേഷൻ നടത്തും. തലമുറകളായി പാരമ്പര്യവും അനുഷ്ഠാനങ്ങളും പാലിക്കുന്ന വിഭാഗങ്ങളെ സഹായിക്കുകയാണ് ലക്ഷ്യം.

കുടുംബം പോലും മറന്ന് ദൈവത്തിൽ സ്വയം സമർപ്പിച്ചവരാണവർ. സഹായത്തെ ശമ്പളമായി കാണരുത്. അവരോടുള്ള ബഹുമാനാർത്ഥമാണ് നൽകുന്നത്. രാജ്യത്ത് ഒരു പാർട്ടിയും ഇത്തരമൊരു പദ്ധതി കൊണ്ടുവന്നിട്ടില്ല. മഹിളാ സമ്മാൻ പദ്ധതിയുടെ രജിസ്ട്രേഷൻ തടയാൻ ബി.ജെ.പി ശ്രമിച്ചു. പൂജാരിമാരുടെ കാര്യത്തിൽ അതിന് മുതിരരുതെന്നും കേജ്‌രിവാൾ അഭ്യർത്ഥിച്ചു.

ഇമാമുമാർക്ക് ₹18,000

മുടങ്ങിയിട്ട് 17 മാസം

ഇമാമുമാർക്ക് 18,000 രൂപ പ്രതിമാസ സഹായം നൽകുന്ന പദ്ധതി ഡൽഹി സർക്കാരിന് കീഴിലുണ്ട്. എന്നാൽ 17 മാസമായി ശമ്പളം മുടങ്ങിയിരിക്കുകയാണ്. തുക ഉടൻ നൽകണമെന്നാവശ്യപ്പെട്ട് വഖഫ് ബോർഡിന് കീഴിലുള്ള ഇമാമുകൾ ഇന്നലെ കേജ‌്‌രിവാളിന്റെ വസതിക്ക് പുറത്ത് പ്രകടനം നടത്തി.