
ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ നിര്യാണത്തിൽ രാജ്യം ദു:ഖമാചരിക്കുമ്പോൾ പ്രമുഖ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വിയറ്റ്‌നാമിൽ പുതുവത്‌സരം ആഘോഷിക്കുന്നതായി ബി.ജെ.പി വിമർശനം.
മൻമോഹൻ സിംഗിനെ കോൺഗ്രസ് കാര്യമാക്കുന്നില്ലെന്നതിന്റെ അവസാന ഉദാഹരണമാണിതെന്ന് ബി.ജെ.പി വക്താവ് ഷെഹ്‌സാദ് പൂനാവല ആരോപിച്ചു. അദ്ദേഹത്തിന്റെ ചിതാഭസ്മം ശേഖരിക്കാൻ പോലും നേതാക്കൾ പോയില്ല.
അതേസമയം, മൻമോഹന്റെ അന്ത്യകർമ്മങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ നിന്ന് വഴിതിരിക്കാനുള്ള ശ്രമമാണ് ബി.ജെ.പിയുടേതെന്നാണ് കോൺഗ്രസിന്റെ മറുപടി.
രാഹുൽ ഗാന്ധിക്ക് 'പര്യടനം' പുതിയതല്ലെന്നും ലോക്‌സഭാ പ്രതിപക്ഷ നേതാവിനെ 'പര്യടന നേതാവ്' എന്നു വിളിക്കണമെന്നും ഷെഹ്‌സാദ് കളിയാക്കി. 2008ലെ മുംബയ് ഭീകരാക്രമണ സമയത്ത് രാഹുൽ ആഘോഷ പാർട്ടിയിലായിരുന്നെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. (അന്ന് രാഹുൽ ഡൽഹിയിലെ ഫാം ഹൗസിൽ സുഹൃത്ത് സമീർ ശർമ്മയുടെ കല്യാണ ചടങ്ങിൽ പോയത് വിവാദമായിരുന്നു)
രാഹുൽ പോകട്ടെ;
നിങ്ങൾക്കെന്താണ്?
രാഹുൽ ഗാന്ധിയുടെ സ്വകാര്യ യാത്രയിൽ ബി.ജെ.പിക്ക് എന്താണ് ബുദ്ധിമുട്ടെന്ന് കോൺഗ്രസ് എം.പി ബി മാണിക്യം ടാഗോർ ചോദിച്ചു. പുതുവർഷത്തിലെങ്കിലും ബി.ജെ.പി വഴിതിരിച്ചുവിടൽ രാഷ്‌ട്രീയം അവസാനിപ്പിക്കണം. മൻമോഹൻ സിംഗിന് സംസ്‌കാരത്തിന് ഉചിത സ്ഥലം നിഷേധിച്ചു. നിഗംബോധ് ഘട്ടിൽ കുടുംബത്തെ മൂലയ്ക്കിരുത്തിയതും ലജ്ജാകരമാണ്.
രാഹുലിന്റെ യാത്ര മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്ന് കോൺഗ്രസ് എം.പി താരിഖ് അൻവർ പറഞ്ഞു. മൻമോഹന്റെ കുടുംബത്തിന്റെ സ്വകാര്യത മാനിച്ചാണ് കോൺഗ്രസ് നേതാക്കൾ ചിതാഭസ്‌മ നിമജ്ജന ചടങ്ങിൽ പങ്കെടുക്കാതിരുന്നതെന്ന് മുതിർന്ന നേതാവ് പവൻ ഖേര വിശദീകരിച്ചു.