a

ന്യൂഡൽഹി: കോൺഗ്രസ് നേതാക്കളായ രാഹുലും പ്രിയങ്കയും ജയിക്കാൻ കാരണം 'കേരളം മിനി പാകിസ്ഥാൻ' ആയതുകൊണ്ടാണെന്ന വിവാദ പ്രസ്‌താവനയുമായി മഹാരാഷ്‌ട്രയിലെ ബി.ജെ.പി മന്ത്രി നിതേഷ് റാണ. ഇരുവരും തിരഞ്ഞെടുപ്പിൽ ജയിച്ചത് ഭീകര സംഘടനകളുടെ പിന്തുണകൊണ്ടാണെന്നും മന്ത്രി പൂനെയിൽ ഒരു ചടങ്ങിൽ ആരോപിച്ചു.

പ്രസ്‌താവന വിവാദമായതോടെ മതപരിവർത്തനം, ലൗജിഹാദ് തുടങ്ങിയ വിഷയങ്ങളുടെ പശ്‌ചാത്തലത്തിലാണ് പറഞ്ഞതെന്നും കേരളം ഇന്ത്യയുടെ ഭാഗമാണെന്നും വിശദീകരണം നൽകി. കേരളത്തിൽ ഹിന്ദുക്കളുടെ സംഖ്യ കുറയുന്നത് ആശങ്കാജനകമാണ്. ഹിന്ദുക്കളെ മതപരിവർത്തനം ചെയ്യുന്നത് ദൈനംദിന കാര്യമായിരിക്കുന്നു. പാക്കിസ്ഥാനിൽ ഹിന്ദുക്കളോട് പെരുമാറുന്ന രീതി ഇവിടെ ഉണ്ടായാലുള്ള ആശങ്കയാണ് പ്രകടിപ്പിച്ചതെന്നും മന്ത്രി വിശദീകരിച്ചു.

റാണെ രാജിവയ്‌ക്കണം

ഫിഷറീസ്, തുറമുഖ മന്ത്രിയായ റാണെയെ പുറത്താക്കണമെന്ന ആവശ്യവുമായി മഹാരാഷ്‌ട്ര കോൺഗ്രസ് രംഗത്തു വന്നു. സത്യപ്രതിജ്ഞാ ലംഘനം നടത്തിയ നിതേഷ് റാണെയെ അയോഗ്യനാക്കണമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും ആവശ്യപ്പെട്ടു. ജനതയെ മതം നോക്കി ശത്രുക്കളാക്കുന്ന റാണെയുടെ പ്രസ്താവനയ്ക്ക് പ്രധാനമന്ത്രി മറുപടി പറയണം. കേരളത്തിന്റെ മതേതര മനസ്സിനെയാണ് വ്രണപ്പെടുത്തിയത്. പ്രസ്താവനയെ നിയമപരമായും രാഷ്ട്രീയമായും നേരിടും. കേരളത്തെ മോദി സോമാലിയയോടും അമിത്ഷാ പാകിസ്താനോടും ഉപമിച്ചതിന്റെ ആവർത്തനമാണ് റാണെയുടെ പരാമർശം. സി.പി.എം നേതാവ് വിജയരാഘവന്റെയും റാണെയുടെയും ശബ്‌ദം ഒന്നാണെന്നും വേണുഗോപാൽ പറഞ്ഞു.