a

ന്യൂഡൽഹി: സിറ്റിംഗ് ജഡ്‌ജിമാരുടെയോ, മുൻ ജഡ്‌ജുമാരുടെയോ കുടുംബാംഗങ്ങളെ ഹൈക്കോടതി ജഡ്‌ജിമാരായി ശുപാർശ ചെയ്യുന്നത് അവസാനിപ്പിക്കാനൊരുങ്ങി സുപ്രീം കോടതി കൊളീജിയം. പാരമ്പര്യമുള്ളവർക്ക് നിലവിൽ മറ്റുള്ളവരെക്കാൾ മുൻഗണന ലഭിക്കുന്നുവെന്ന ധാരണ ഇല്ലാതാക്കാനും നിയമനത്തിൽ സുതാര്യത വരുത്താനുമാണിത്. അതിനിടെ ഹൈക്കോടതി ജഡ്‌ജിമാരായി നിയമിക്കാൻ ശുപാർശ ലഭിച്ചവരുമായി സുപ്രീംകോടതി കൊളീജിയം നേരിട്ട് സംവാദം തുടങ്ങി.

മാതാപിതാക്കളോ അടുത്ത ബന്ധുക്കളോ സുപ്രീം കോടതിയിലോ ഹൈക്കോടതികളിലോ ജഡ്ജിമാരാണെങ്കിൽ ഹൈക്കോടതി ജഡ്ജിമാരായി ശുപാർശ ചെയ്യരുതെന്ന് ഹൈക്കോടതി കൊളീജിയത്തിലെ ജഡ്‌ജി അഭിപ്രായപ്പെട്ടത് വ്യാപക ചർച്ചയ്‌ക്ക് വിധേമായിരുന്നു. തുടർന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, സൂര്യകാന്ത്, ഹൃഷികേശ് റോയ്, എ എസ്. ഓക്ക എന്നിവരടങ്ങുന്ന സുപ്രീംകോടതി കൊളീജിയം ചർച്ച ചെയ്‌ത് ധാരണയിലെത്തിയെന്നാണ് വിവരം. 50 ശതമാനം ഹൈക്കോടതി ജഡ്‌ജിമാരും സിറ്റിംഗ് ജഡ്‌ജിമാരുടെയോ, മുൻ ജഡ്‌ജിമാരുടെയോ ബന്ധുക്കളാണെന്ന് ദേശീയ ജുഡീഷ്യൽ നിയമന കമ്മിഷൻ കേസിലെ വാദത്തിനിടെ ഒരു അഭിഭാഷകൻ അവകാശപ്പെട്ടിരുന്നു.

ഇതിനിടെയാണ് ഹൈക്കോടതി ജഡ്‌ജിമാരായി ശുപാർശ ചെയ്യപ്പെട്ട അഭിഭാഷകരും ജുഡീഷ്യൽ ഓഫീസർമാരുമായി കൊളീജിയം അംഗങ്ങൾ നേരിട്ട് സംവദിക്കുന്ന രീതി തുടങ്ങിയത്. ഇന്റലിജൻസ് റിപ്പോർട്ടുകളും മറ്റും നോക്കി നിയമനം നടത്തുന്നതായിരുന്നു പതിവ്. അലഹബാദ്, ബോംബെ, രാജസ്ഥാൻ ഹൈക്കോടതികളിലെ ജഡ്ജിമാരായി നിയമിക്കുന്നതിന് ശുപാർശ ചെയ്തവരുമായി സംവാദം നടത്തിയ ശേഷമാണ് അർഹതയുള്ളവരുടെ പേരുകൾ കേന്ദ്രത്തിന് കൈമാറിയത്. വ്യക്തിപരമായി ആശയവിനിമയം നടത്തിയത് അവരുടെ പെരുമാറ്റം അറിയാനും ജഡ്ജിമാരാകാൻ യോഗ്യരാണോ എന്ന് നേരിട്ട് വിലയിരുത്താനും സഹായിച്ചതായി സുപ്രീം കോടതി വൃത്തങ്ങൾ അറിയിച്ചു.