odlldld

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിനുള്ള സ്മാരകത്തിനായി സ്ഥലം അനുവദിക്കൽ ഏതാനും ദിവസങ്ങൾക്കുള്ളിലെന്ന് സൂചന. സ്ഥലം സർക്കാർ കണ്ടെത്തിയ ശേഷം സ്മാരകം നിർമ്മിക്കാനായി ഒരു ട്രസ്റ്റിന് കൈമാറുന്നതാണ് രീതി. ഏതാനും ദിവസങ്ങൾക്കുള്ളിൽ ട്രസ്റ്റ് രൂപീകരിക്കുമെന്നാണ് റിപ്പോർട്ട്. രാജ്ഘട്ടിൽ മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിക്കായി നിർമ്മിച്ച സ്‌മാരകത്തിനുള്ള സ്ഥലം മരണത്തിന് ഒരു മാസത്തിന് ശേഷമാണ് അടൽ സമിതി ന്യാസ് ട്രസ്റ്റിന് കൈമാറിയത്. 2018 ആഗസ്റ്റ് 17 ന് വാജ്‌പേയിയെ സംസ്‌കരിച്ച ഒന്നര ഏക്കർ വിസ‌്തൃതിയിലുള്ള സ്ഥലത്താണ് ട്രസ്റ്റും കേന്ദ്ര പൊതുമരാമത്ത് വകുപ്പും സംയുക്തമായി രാഷ്ട്രീയ സ്മൃതി സ്ഥലം നിർമ്മിച്ചത്.

മൻമോഹൻ സിംഗിന്റെ സ്മാരകത്തിനായി രാജ്ഘട്ട് പ്രദേശത്ത് ലഭ്യമായ ഭൂമിയുടെ വിശദാംശങ്ങൾ ശേഖരിച്ചുവരികയാണ്. ഇവിടെ രണ്ട് സ്‌മാരകൾ കൂടി നിർമ്മിക്കാനുള്ള സ്ഥലം ലഭ്യമാണെന്നാണ് വിവരം.മുൻ രാഷ്ട്രപതിമാർ, പ്രധാനമന്ത്രിമാർ, ഉപപ്രധാനമന്ത്രിമാർ എന്നിവരുൾപ്പെടെ 19 സ്മാരകങ്ങൾ രാജ്ഘട്ടിലും പരിസരത്തുമുണ്ട്. ഇന്ദിരാഗാന്ധിയുടെ മകൻ സഞ്ജയ് ഗാന്ധി, മുൻ പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രിയുടെ ഭാര്യ ലളിതാ ശാസ്ത്രി എന്നിവരുടെ സ്‌മാരകങ്ങളും ഇവിടെയുണ്ട്.

മൻമോഹൻ സിംഗിന്റെ

ഭാര്യയ്ക്ക് സുരക്ഷ തുടരും

അന്തരിച്ച മൻമോഹൻ സിംഗിന്റെ വിധവ ഗുർശരൺ കൗറിന് സി.ആർ.പി.എഫിന്റെ ഇസഡ് പ്ലസ് കാറ്റഗറി പ്രകാരമുള്ള സംരക്ഷണം തുടരുമെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഭീഷണി വിലയിരുത്തിയ ശേഷം പിന്നീട് സുരക്ഷ അവലോകനം ചെയ്യും. 2019ൽ മോദി സർക്കാർ സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് (എസ്.പി.ജി) സംരക്ഷണം പിൻവലിച്ചതിനെത്തുടർന്നാണ് മൻമോഹൻ സിംഗിനും ഭാര്യയ്ക്കും സി.ആർ.പി.എഫ് 'ഇസഡ്+' വിഐപി സുരക്ഷ ഉറപ്പാക്കിയത്. 3, മോത്തിലാൽ നെഹ്‌റു റോഡിലെ അവരുടെ വസതിയിലും വീടിന് പുറത്തും 45 ഓളം സായുധ കമാൻഡോകളുടെ സുരക്ഷയാണിത്.