vrk

കൊച്ചി: മലയാളത്തിന്റെ നീതിഗോപുരം, ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ മൺമറഞ്ഞിട്ട് ഒരു ദശാബ്ദം. നീതി തേടി അലയുന്ന ആയിരങ്ങളുടെ ആശ്രയകേന്ദ്രമായിരുന്ന എം.ജി.റോഡിലെ സത്ഗമയയുടെ നാഥനായ ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ 2014 ഡിസംബർ നാലിനാണ് മരിച്ചത്. എറണാകുളം നഗരത്തിന്റെ സാംസ്കാരിക രംഗത്തെ നിറസാന്നിദ്ധ്യമായിരുന്നു സ്വാമി എന്നറിയപ്പെട്ട കേരളത്തിലെ ആദ്യ നിയമമന്ത്രിയും സുപ്രീം കോടതി ജഡ്ജിയുമായിരുന്ന വി.ആർ. കൃഷ്ണയ്യർ. ഇന്ത്യൻ നിയമ ചരിത്രത്തിൽ എണ്ണപ്പെട്ടവയാണ് അദ്ദേഹത്തിന്റെ പല വിധിന്യായങ്ങളും. 1980ൽ സുപ്രീം കോടതിയിൽ നിന്ന് വിരമിച്ച ശേഷമാണ് എറണാകുളത്ത് സ്ഥിരതാമസമാക്കിയത്. കൃഷ്ണയ്യരോടുള്ള ആദരസൂചകമായി കൊച്ചി എം.ജി റോഡിലുള്ള വീടായ സദ്ഗമയ നീതിന്യായ രംഗത്തെ പഠന ഗവേഷണ കേന്ദ്രമായി വികസിപ്പിക്കുന്നതിനുള്ള നടപടി ഇതുവരെ എങ്ങുമെത്തിയിട്ടില്ല. 2022ലെ ബഡ്ജറ്റ് മറുപടി പ്രസംഗത്തിലാണ് ധനമന്ത്രി കെ.എൻ. ബാലഗോപലാൻ വസതി ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചത്. ഇതുവരെ നടപ്പിലായിട്ടില്ല.
1915നവംബർ 15 ന് പാലക്കാട്ടാണ് കൃഷ്ണയ്യർ ജനിച്ചത്. തലശേരിയിലെ പ്രമുഖ അഭിഭാഷകനായ വി.വി.രാമയ്യരായിരുന്നു അച്ഛൻ. അതുകൊണ്ട് കൃഷ്ണയ്യർ വളർന്നത് തലശേരിയിലായിരുന്നു. 1938ൽ എറണാകുളം ഹൈക്കോടതിയിൽ അഭിഭാഷകനായി. ഭാര്യ ശാരദയുടെ വി​യോഗശേഷം ഒറ്റയ്ക്കായി​രുന്നു സദ്ഗമയയി​ൽ താമസം. അദ്ദേഹം ജീവി​ച്ചി​രുന്ന കാലമത്രയും ആ വീട്ടി​ൽ ആളൊഴി​ഞ്ഞി​രുന്നി​ല്ല. പ്രധാനമന്ത്രി​ നരേന്ദ്രമോദി​ ഗുജറാത്ത് മുഖ്യമന്ത്രി​യായി​രി​ക്കെ കൃഷ്ണയ്യരെ വീട്ടി​ലെത്തി​ കണ്ടി​രുന്നു. രാഷ്ട്രീയ, സാമൂഹ്യരംഗത്തെ പ്രമുഖരുടെ സംഗമവേദി​യായി​രുന്നു സദ്ഗമയ. അമേരി​ക്കയി​ൽ സ്ഥി​രതാമസമാക്കി​യ മകൻ രമേശ് കഴി​ഞ്ഞ വർഷം മേയി​ൽ മരി​ച്ചു. മറ്റൊരു മകൻ പരമേശ് ചെന്നൈയി​ലാണ്.

അനുസ്മരണ പ്രഭാഷണം ഏഴിന്

ശാരദകൃഷ്ണ സദ്ഗമയ ഫൗണ്ടേഷൻ ഫോർ ലാ ആൻഡ് ജസ്റ്റിസിന്റെ നേതൃത്വത്തിൽ ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യരുടെ 10-ാമത് മെമ്മോറിയൽ ലാ ലക്ചർ ഡിസംബർ ഏഴിന് വൈകിട്ട് 4.45ന് ഹൈക്കോടതി മെയിൻ ഓഡിറ്റോറിയത്തിൽ നടക്കും. എക്കണോമിക് ക്രൈറ്റീരിയൻ ആൻഡ് സബ് ക്ലാസിഫിക്കേഷൻ ഒഫ് ഷെഡ്യൂൾഡ് കാസ്റ്റ്സ്-ഹാസ് റിസർവേഷൻ എക്ലിപ്സഡ് മെറിറ്റ് ഓൾടൂഗതർ എന്ന വിഷയത്തിലാണ് പ്രഭാഷണം. മുൻ സുപ്രീംകോടതി ജഡ്ജി റോഹിംഗ്ടൺ നരിമാൻ പ്രഭാഷണം നടത്തും. ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ അദ്ധ്യക്ഷത വഹിക്കും. ജസ്റ്റിസ് എ.കെ. ജയശങ്കരൻ അനുസ്മരണ പ്രഭാഷണം നടത്തും. കേരളത്തിലെ വിവിധ സർവകലാശാലകളിൽ നിന്ന് എൽ.എൽ.എം, എൽ.എൽ.ബി പരീക്ഷകളിൽ ഒന്നാം റാങ്ക് ലഭിച്ചവർക്കുള്ള മെറിറ്റ് അവാർഡ് വിതരണവും നടക്കും.