
തൃപ്പൂണിത്തുറ: വൃശ്ചികോത്സവത്തിന്റെ പ്രധാന ചടങ്ങായ തൃക്കേട്ട പുറപ്പാട് ഇന്ന് നടക്കും. ശ്രീപൂർണത്രയീശൻ സ്വർണക്കോലത്തിൽ എഴുന്നള്ളി സ്വർണക്കുടത്തിൽ കാണിക്ക സ്വീകരിക്കുന്ന അസുലഭ മുഹൂർത്തമാണ്. വില്വമംഗലം സ്വാമിയാർ ക്ഷേത്രദർശനത്തിന് എത്തിയപ്പോൾ ആനപ്പുറത്ത് ചാടിക്കളിക്കുന്ന ഉണ്ണിക്കൃഷ്ണന്റെ രൂപത്തിൽ ഭഗവാനെ കണ്ടു. തുടർന്ന് സ്വാമിയാർ എഴുന്നള്ളത്തിന്റെ മുന്നിൽ കാണിക്ക സമർപ്പിച്ചുവെന്നാണ് ഐതീഹ്യം. തൃക്കേട്ട പുറപ്പാടും കാണിക്ക സമർപ്പണവും ഇതിന്റെ അടിസ്ഥാനത്തിലാണ് നടക്കുന്നത്.
ഇന്ന് വൈകിട്ട് 7 മുതൽ വിളക്ക് എഴുന്നള്ളിപ്പ് ആരംഭിച്ച ശേഷം 8 ന് ദേവസ്വം അധികൃതർ സ്വർണക്കുടം സ്ഥാപിക്കും. ആദ്യ കാണിക്ക സമർപ്പണം കൊച്ചി രാജകുടുംബത്തിലെ മുതിർന്ന അംഗം നിർവഹിക്കും. തൃക്കേട്ട മുതൽ ഭഗവാന്റെ കോലം വഹിക്കുന്ന ഗജരാജന് ആനച്ചമയങ്ങൾ സ്വർണം കൊണ്ടുള്ളതാണ്. കാണിക്ക സമർപ്പണം രാത്രി 11.30 വരെ നീളും.
ശ്രീപൂർണത്രയീശ ക്ഷേത്രത്തിൽ ഇന്ന്:
ഇന്ന് തൃക്കേട്ട പുറപ്പാട് ദിനം. രാവിലെ 7.30 ന് ശീവേലി പെരുവനം കുട്ടൻ മാരാരുടെ പ്രമാണത്തിൽ പഞ്ചാരിമേളം ഭഗവാനു തിരുവഞ്ജനം ചാർത്തൽ
12.30 നും 2നും ഓട്ടൻതുള്ളൽ
3.30 ന് ശീതങ്കൻ തുള്ളൽ
2 ന് അക്ഷരശ്ലോക സദസ്
4 ന് ഭജന
5 ന് പുരാണകഥാ പ്രഭാഷണം, വിശേഷാൽ നാദസ്വരം,
6 ന് സംഗീതക്കച്ചേരി
7ന് പാഠകം, ചാക്യാർകൂത്ത്, വിളക്കിനെഴുന്നള്ളിപ്പ്
8 ന് തൃക്കേട്ട പുറപ്പാട്
8.30 ന് ലാൽഗുഡി ജി.ജെ.ആർ. കൃഷ്ണൻ, ലാൽഗുഡി വിജയലക്ഷ്മി എന്നിവരുടെ വയലിൻ ദ്വയം
12 ന് കഥകളി (സന്താനഗോപാലം, പ്രഹ്ലാദചരിതം)