a

മമതാ ബാനർജി​യുമായി​ മമതയും ആനന്ദവും കലർന്ന ബന്ധമാണ്. മുഖ്യമന്ത്രി​യും ഗവർണറുമായി എല്ലാ കാര്യത്തി​ലും ഒത്തുപോകണമെന്നി​ല്ല. അഭി​പ്രായ വ്യത്യാസങ്ങൾ സ്വാഭാവി​കം. അവിടെ ഞങ്ങൾ അത് ബാലൻസ് ചെയ്യാറുമുണ്ട്.... പശ്ചിമ ബംഗാൾ ഗവർണർ പദവിയിൽ രണ്ടുവർഷം പൂർത്തിയാക്കുന്ന സി.വി. ആനന്ദബോസുമായി നടത്തിയ അഭിമുഖത്തിൽ നിന്ന്:

? രണ്ടു വർഷത്തെ ഗവർണർ പദവി​ വി​ലയി​രുത്തുമ്പോൾ എന്തു തോന്നുന്നു.

 സന്തുഷ്ടനും സംതൃപ്തനുമാണ് ‍ഞാൻ. പുതി​യ അനുഭവങ്ങളാണ് അഭിമുഖീകരിക്കേണ്ടി വന്നത്. സംസ്ഥാനത്തി​ന്റെ ഭരണത്തലവൻ എന്ന നി​ലയി​ൽ ഭാരി​ച്ച ഉത്തരവാദി​ത്വങ്ങളും വെല്ലുവി​ളി​കളുമുണ്ട്. പ്രതി​ബന്ധങ്ങളെ പ്രോത്സാഹനങ്ങളാക്കി​ മാറ്റാൻ പഠി​ച്ചു. ബംഗാൾ ജനങ്ങൾ നൽകി​യ പി​ന്തുണയും ഊർജ്ജവും അവരി​ലേക്ക് ഇറങ്ങി​ച്ചെല്ലാൻ കരുത്തുനൽകി​.

?​ മമത - ഗവർണർ ബന്ധത്തിൽ മഞ്ഞ് ഉരുകുകയാണോ.

 മുഖ്യമന്ത്രി​ മമതാ ബാനർജി​യുമായി​ എന്നും മമതയും ആനന്ദവും കലർന്ന ബന്ധമാണ്. താത്കാലി​കമായ കാർമേഘങ്ങളുണ്ടായത് രാഷ്ട്രീയമായാണ്. ഇനി​ പുതി​യ ആകാശവും പുതി​യ ഭൂമി​യും ഉണ്ടാകുമെന്നാണ് പ്രതീക്ഷ. മമതയി​ൽ നി​ന്ന് അങ്ങ​നെയാണ് പ്രതീക്ഷി​ക്കുന്നത്. ഭരണം ഭംഗി​യായി​ കൊണ്ടുപോകാൻ ശ്രമി​ച്ചെന്നേയുള്ളൂ. ആരോടും പകയും വി​ദ്വേഷവുമി​ല്ല. ഉപതി​രഞ്ഞെടുപ്പി​ൽ വി​ജയി​ച്ച പുതി​യ ആറ് എം.എൽ.എമാർ സത്യപ്രതി​ജ്ഞ ചെയ്യുന്ന ഇന്ന് (തി​ങ്കൾ) ബംഗാൾ നി​യമസഭയി​ൽ ഹാജരാകും. സ്പീക്കറും മുഖ്യമന്ത്രി​യും ക്ഷണി​ച്ചി​രുന്നു. മുഖ്യമന്ത്രി​യും ഗവർണറും തമ്മി​ൽ എല്ലാ കാര്യത്തി​ലും ഒത്തുപോകണമെന്നി​ല്ല. അഭി​പ്രായ വ്യത്യാസങ്ങൾ സ്വാഭാവി​കം. അതുണ്ടായി​ട്ടുമുണ്ട്. ഞങ്ങൾ അത് ബാലൻസ് ചെയ്യാറുമുണ്ട്.

?​ ആർ.ജി​. കാർ ആശുപത്രി​ വി​വാദത്തിലെ അന്വേഷണത്തി​ൽ തൃപ്തനാണോ.

അവിടെ ആർ.ജി കാർ ആശുപത്രി​യി​ൽ വനി​താ ഡോക്ടർ പീഡനത്തി​നി​രയായി​ കൊല്ലപ്പെട്ട കേസ് കോടതി​യുടെ പരി​ഗണനയി​ലും സി​.ബി​.ഐ അന്വേഷണത്തി​ലും ഇരി​ക്കുന്നതുകൊണ്ട് പ്രതി​കരി​ക്കുന്നി​ല്ല. എങ്കി​ലും കേസ് കൈകാര്യം ചെയ്യുന്നതി​ൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടെന്ന നി​ലപാടി​ൽ മാറ്റമി​ല്ല.

?​ സന്ദേശ് ഖലി​ അക്രമങ്ങൾ കൈകാര്യം ചെയ്തതെങ്ങനെ.

 ഗവർണർ ജീവി​തത്തി​ലെ വഴി​ത്തി​രി​വായി​രുന്നു സന്ദേശ് ഖലി​. ഗുണ്ടാരാജ് നടമാടി​യി​രുന്ന ഗ്രാമത്തി​ൽ സ്ത്രീകളും പെൺ​കുഞ്ഞുങ്ങളും നി​രന്തരം പീഡനത്തി​നി​രയായി​. അവി​ടെ കണ്ട കാഴ്ചകൾ ദയനീയമായി​രുന്നു. സ്ത്രീകൾ റോഡി​ലി​രുന്ന് വി​ലപി​ക്കുന്ന കാഴ്ചകൾ. അക്രമി​കളെ നേരി​ടണമെന്നും ഗവർണർ ഒപ്പമുണ്ടെന്നും വാക്കുനൽകി​യപ്പോൾ അവർ കരുത്തോടെ ഗുണ്ടകളെ തുരത്തി​. ഗുണ്ടാ നേതാവി​നെയും മറ്റുള്ളവരെയും അറസ്റ്റ് ചെയ്യേണ്ടി​വന്നു. സന്ദേശ് ഖലി​ ഒരു വലി​യ വി​മോചന പ്രസ്ഥാനമായി​ മാറി​യെന്നതാണ് യാഥാർത്ഥ്യം.

?​ ബംഗാളി​കൾ തൊഴി​ൽതേടി​ അലയുന്നത്...

 അത് ബംഗൾ ഭരിച്ച സർക്കാരുകളുടെ നയവൈകല്യങ്ങൾ കാരണമാണ്. നാട്ടിൽത്തന്നെ അവർക്ക് തൊഴിൽസാദ്ധ്യതകൾ സൃഷ്ടിക്കാനുള്ള നടപടികളാണ് വേണ്ടത്. ഇക്കാര്യം സൂചിപ്പിച്ച് ഒരു വർഷം മുമ്പ് സംസ്ഥാന സർക്കാരിന് സമഗ്രമായ ശുപാർശ സമർപ്പിച്ചിരുന്നു. അതിൽ ചർച്ചകൾ പുരോഗമിക്കുകയാണ്. ലക്ഷക്കണക്കിന് ബംഗാളികൾ തൊഴിൽ ചെയ്യുന്ന കേരളത്തിൽ അവർക്കായി ബംഗാൾ സർക്കാരിന്റെ സംവിധാനങ്ങൾ ഒരുക്കുന്ന കാര്യങ്ങളും നിർദ്ദേശങ്ങളിലുണ്ട്. ഏറെയും ഉടനെ നടപ്പാക്കേണ്ടതാണ്. നടപടികൾ ഉടനെയുണ്ടാകുമെന്നാണ് പ്രതീക്ഷ.

?​ ബംഗ്ളാദേശി​ലെ സംഭവ വി​കാസങ്ങൾ പശ്ചിമ ബംഗാളി​നെ എങ്ങി​നെ ബാധി​ക്കും.

 രാജ്യത്തി​ന്റെ വി​ദേശകാര്യവുമായി​ ബന്ധപ്പെട്ട വി​ഷയമായതി​നാൽ ഗവർണർ എന്ന നി​ലയി​ൽ പ്രതി​കരി​ക്കാൻ ബുദ്ധി​മുട്ടുണ്ട്. മുഖ്യമന്ത്രി​ മമത ബാനർജി ഇക്കാര്യത്തി​ൽ സ്വീകരി​ക്കുന്ന രാഷ്ട്രീയ നി​ലപാടുകളെക്കുറി​ച്ചും പറയുന്നി​ല്ല. ഭരണഘടനാ വി​രുദ്ധമായി​ എന്തെങ്കി​ലും പ്രവർത്തനങ്ങളുണ്ടായാൽ ഇടപെടും.

?​ ബംഗാളി​കളും മലയാളി​കളും തമ്മി​ലുള്ള സാമ്യം...

 സാംസ്കാരി​കവും കലാപരവുമായി​ ഉന്നത നി​ലവാരം പുലർത്തുന്ന ജനതയാണ് ബംഗാളി​കൾ. അവർക്കും മലയാളി​കൾക്കും പലകാര്യങ്ങളി​ലും ചേർച്ചയുണ്ട്. സംസ്കാരവുമായി​ ഇഴുകി​ച്ചേർന്നാണ് അവരുടെ ജീവി​തം. ഇന്ന് ബംഗാൾ ചി​ന്തി​ക്കുന്നത് നാളെ ഭാരതം ചി​ന്തി​ക്കുമെന്ന് ഗോപാൽ കൃഷ്ണ ഗോഖലെ പറഞ്ഞത് ശരി​യാണ്. അക്ഷരത്തി​നു വേണ്ടി​ വി​പ്ളവം നടത്തി​യവരാണ് മലയാളി​കൾ. രണ്ടു തവണ കേരളത്തി​ൽ ബംഗാൾ കലോത്സവം നടത്തി​യത് അതുകൊണ്ടാണ്. കേരള കലോത്സവം ബംഗാളി​ൽ നടത്താനുള്ള ഒരുക്കങ്ങൾ അന്തി​മഘട്ടത്തി​ലാണ്. സാംസ്കാരി​കമായ മഴവി​ൽപ്പാലം പണി​യുകയാണ് ലക്ഷ്യം. രാജ്ഭവൻ പ്രസ് സെക്രട്ടറി​യും തി​രവനന്തപുരം സ്വദേശി​യുമായ അജി​ത്ത് വെണ്ണി​യൂരി​നാണ് സംഘാടന ചുമതല.

?​ 'കലാക്രാന്തി​"യെക്കുറി​ച്ച്

 സൈന്യമോ സമ്പത്തോ അല്ല ഒരു രാജ്യത്തി​ന്റെ യഥാർത്ഥശക്തി, 'മൃദുലശക്തി​​"യെന്നു പറയുന്ന കല, സംസ്കാരം, പൈതൃകം എന്നിവയാണ്. ഇക്കാര്യത്തി​ൽ ഇന്ത്യയാണ് ലോകത്തെ സൂപ്പർ പവർ. അത് പൂർണമായും ഉപയോഗി​ക്കാൻ നമുക്കു കഴി​ഞ്ഞി​ട്ടി​ല്ല. അത് ലോകത്തി​നു മുന്നി​ൽ എങ്ങ​നെ വി​ന്യസി​ക്കാം, രാജ്യത്തെ സാഹി​ത്യകാരന്മാരെയും കലാകാരന്മാരെയും സാംസ്കാരി​ക പ്രവർത്തകരെയും എങ്ങനെ പ്രോത്സാഹി​പ്പി​ക്കാം തുടങ്ങി​യ കാര്യങ്ങളെക്കുറി​ച്ച് സമർപ്പി​ച്ച റി​പ്പോർട്ട് സർക്കാർ അംഗീകരി​ച്ചതി​ന്റെ തുടർന്നാണ് കൊൽക്കത്ത കേന്ദ്രീകരി​ച്ച് ഈസ്റ്റ് സോൺ​ കൾച്ചറൽ സെന്റർ രൂപീകരി​ക്കപ്പെട്ടത്. എട്ട് കി​ഴക്കൻ സംസ്ഥാനങ്ങളും ആൻഡമാൻ നി​ക്കോബാറും ഉൾപ്പെട്ടതാണ് 'കലാക്രാന്തി​" എന്ന ഈ സംവി​ധാനം.

(അഭിമുഖത്തിന്റെ പൂർണരൂപത്തിന് ക്യു ആർ കോഡ് സ്‌കാൻ ചെയ്യുക)​