
കൊച്ചി: ചന്ദന മോഷ്ടാക്കളെ ചെറുക്കാൻ ലക്ഷ്യമിട്ട് തുടങ്ങി വനം-വന്യജീവി സംരക്ഷണം സ്വയം ഏറ്റെടുത്ത തേക്കടിയിലെ അമ്മമാരുടെ വസന്തസേന 23-ാം വർഷത്തിലേക്ക്. അംഗബലം പകുതിയിലേറെ കുറഞ്ഞിട്ടും ആത്മവീര്യം ചോരാതെ പങ്കാളിത്ത വനപരിപാലനത്തിന്റെ ഉദാത്ത മാതൃകയാവുകയാണ് ഈ കൂട്ടായ്മ.
2002ൽ പെരിയാർ കടുവാ സംരക്ഷണ കേന്ദ്രത്തിലെ ചന്ദനക്കാടുകളുടെ സംരക്ഷണം സ്വയം ഏറ്റെടുത്ത പരിസരവാസികളായ ഒരുകൂട്ടം സ്ത്രീകളുടെ സന്നദ്ധ വനപരിപാലന സംഘമാണ് വസന്തസേനയായി മാറിയത്. ചന്ദന മോഷ്ടാക്കളെ പിടികൂടാൻ വനംവകുപ്പിനെ സഹായിക്കലായിരുന്നു പ്രഥമ ദൗത്യം. പ്ലാസ്റ്റിക്കും മറ്റ് അജൈവവസ്തുക്കളും ശേഖരിക്കുക, വന്യമൃഗങ്ങളുടെ സ്വൈരവിഹാരത്തിന് തടസമാകുന്ന കാര്യങ്ങൾ റിപ്പോർട്ട് ചെയ്യുക തുടങ്ങി നിരവധി ഉത്തരവാദിത്വങ്ങൾ സേന ഏറ്റെടുത്തു. തുടക്കത്തിൽ 30-70 പ്രായക്കാരായ 101 പേരായിരുന്നു അംഗങ്ങൾ. 5-8 അംഗങ്ങൾ വീതമുള്ള സബ് ഗ്രൂപ്പുകൾ രാവിലെ 11മുതൽ വൈകിട്ട് 4 വരെ കടുവാസങ്കേതത്തിന്റെ ബഫർ സോണിൽപ്പെട്ട എട്ടു കിലോമീറ്റർ ചുറ്റളവിൽ പട്രോളിംഗിന് പോകും. മരണം, പ്രായാധിക്യം, വിവാഹം, ജോലി തുടങ്ങിയ കാരണങ്ങളാൽ അംഗബലം 43ലേക്ക് ചുരുങ്ങി. അവശേഷിക്കുന്നത് 50-78 പ്രായക്കാരാണ്.
 വസന്തസേനയുടെ തുടക്കം
കടുവാസങ്കേതത്തിന്റെ സംരക്ഷണത്തിന് ലോകബാങ്ക് സഹായത്തോടെ നടപ്പാക്കിയ ഇന്ത്യ ഇക്കോഡെവലപ്മെന്റ് പ്രോജക്ടിന്റെ വിജയമാണ് വസന്തസേനയുടെ രൂപീകരണത്തിന് വഴിതെളിച്ചത്. വനാതിർത്തി ഗ്രാമങ്ങളിൽ താമസിക്കുന്നവരുടെ പങ്കാളിത്തത്തോടെ വനവും വന്യജീവികളെയും സംരക്ഷിക്കുകയായിരുന്നു പ്രോജക്ടിന്റെ ലക്ഷ്യം. കുമളി പഞ്ചായത്തിലെ പെരിയാർ കോളനി, കൊല്ലംപട്ടട പ്രദേശത്തെ സ്ത്രീകൾ വനസംരക്ഷണ ചുമതല ഏറ്റെടുക്കാൻ സ്വയംസന്നദ്ധരായെത്തി.
 100 ശതമാനം സന്നദ്ധസേവനം
22 വർഷത്തിനിടെ ശരാശരി 8000ൽ ഏറെ തൊഴിൽ ദിനങ്ങളിൽ വസന്തസേന പ്രവർത്തിച്ചു. വർഷംതോറും ഒരോ റെയിൻ കോട്ടും ഷൂസും ബാഗുമല്ലാതെ ഇവർ പ്രതിഫലമൊന്നും കൈപ്പറ്റിയിട്ടില്ല. 2003ൽ പി.വി. തമ്പി മെമ്മോറിയൽ പരിസ്ഥിതി പുരസ്കാരം, 2006ൽ അമൃതദേവി ബിഷ്ണോയി പുരസ്കാരം എന്നിവ വസന്തസേനയെ തേടിയെത്തി. നിരവധി വിദേശരാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഈ മാതൃക പഠിക്കാൻ എത്തിയിട്ടുണ്ട്.