
കൊച്ചി: എറണാകുളം സൗത്ത് മേൽപ്പാലത്തിന് സമീപത്തുള്ള ആക്രി ഗോഡൗണിൽ നടന്ന വൻ അഗ്നിബാധയിൽ നിന്ന് ഉറങ്ങിക്കിടക്കുകയായിരുന്ന ഒമ്പത് തൊഴിലാളികളെ അത്ഭുതകരമായി രക്ഷപ്പെടുത്തി. സമീപത്തെ വീട് പൂർണമായും അഗ്നിക്കിരയായി. തീ ആളിക്കത്തിയതോടെ എറണാകുളം വഴി ആലപ്പുഴയിലേക്കുള്ള ട്രെയിൻ ഗതാഗതം രണ്ട് മണിക്കൂറിലധികം നിറുത്തിവച്ചു. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് ഗോഡൗണിൽ തീപിടിത്തമുണ്ടായത്. അരൂരിൽ നിന്നുവരെയുള്ള 15 ഫയർഫോഴ്സ് യൂണിറ്റുകൾ നാലുമണിക്കൂർ പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. സിനിമാ നിർമ്മാതാവ് രാജു ഗോപിയുടെ ഉടമസ്ഥതയിലുള്ള ആക്രി ഗോഡൗണിനാണ് തീ പിടിച്ചത്. 30 വർഷമായി പ്രവർത്തിക്കുന്ന സ്ഥാപനമാണിത്. ലക്ഷങ്ങളുടെ നഷ്ടമുണ്ടായി.
സമീപവാസിയായും മെക്കാനിക്കുമായ അജി ഭാസ്ക്കറാണ് അഗ്നിബാധ ആദ്യം കാണുന്നത്. ഉടൻതന്നെ പ്രായമായ അമ്മയെ വീട്ടിൽ നിന്ന് പുറത്തിറക്കി സുരക്ഷിതഭാഗത്തേയ്ക്ക് മാറ്റി. ഒപ്പം ഫയർഫോഴ്സിനെ വിവരമറിയിച്ചു. മിനിട്ടുകൾക്കുള്ളിൽ കബ്ല് റോഡിൽ നിന്ന് ആദ്യ ഫയർഫോഴ്സ് യൂണിറ്റും സൗത്ത് പൊലീസും സ്ഥലത്ത് എത്തി.
ഗോഡൗണിനകത്ത് തൊഴിലാളികളുണ്ടായിരുന്നത് ആശങ്കയുണ്ടാക്കിയെങ്കിലും പൊലീസും ഫയർഫോഴ്സും സമയോചിത ഇടപെടലിലൂടെ ഒമ്പതുപേരെയും രക്ഷപ്പെടുത്തി. ഇതര സംസ്ഥാന തൊഴിലാളികളും നേപ്പാൾ സ്വദേശികളുമായിരുന്നു ഗോഡൗണിൽ ഉണ്ടായിരുന്നത്. നിമിഷങ്ങൾക്കുള്ളിൽ പ്ലാസ്റ്റിക്ക് മാലിന്യങ്ങളും മറ്റും സൂക്ഷിച്ചിരിക്കുന്ന ആക്രി ഗോഡൗൺ പൂർണ്ണമായും കത്തി നശിച്ചു.
ഗോഡൗണിൽ സൂക്ഷിച്ചിരുന്ന 12 സ്ക്രാപ്പ് ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചത് തീപിടിത്തത്തിന്റെ വ്യാപ്തി കൂട്ടി.
സമീപത്തെ വൈദ്യത ലൈനിലേക്കും തീ പടർന്നു. അജിത്തിന്റെ വീടാണ് അഗ്നിക്കിരയായത്. ജനവാസ മേഖലയിൽ തീപ്പിടിത്തമുണ്ടായത് ആശങ്ക കൂട്ടി. സുരക്ഷ മുന്നിൽ കണ്ട് സമീപപ്രദേശത്തുള്ള ആളുകളെ മാറ്റിയതിനാൽ വലിയ ദുരന്തം ഒഴിവായി. സൗത്ത് പാലത്തിലൂടെയുള്ള വാഹനഗതാഗതവും നിയന്ത്രിച്ചു.
ഷോർട്ട് സർക്യൂട്ടല്ലെന്ന് സൂക്ഷിപ്പുകാരൻ
അഗ്നിസുരക്ഷയില്ലെന്ന് ഫയർഫോഴ്സ്
ഗോഡൗണിന് പിൻവശത്ത് നിന്നാണ് തീ പടർന്നതെന്നും എങ്ങനെയാണ് തീപിടിത്തമുണ്ടായതെന്ന് വ്യക്തമല്ലെന്നും വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു. ഷോർട്ട് സർക്യൂട്ട് സാദ്ധ്യതയില്ലെന്നും സാമൂഹ്യ വിരുദ്ധരാണ് തീയിട്ടതെന്നുമാണ് ഗോഡൗൺ സൂക്ഷിപ്പുകാരൻ ആരോപിക്കുന്നത്. തീപിടിത്തമുണ്ടായ ഗോഡൗൺ പ്രവർത്തിച്ചത് അഗ്നിരക്ഷാ നിയന്ത്രണ മാർഗങ്ങൾ ഇല്ലാതെയെന്ന് കണ്ടെത്തി.
സംഭവത്തിൽ തഹസിൽദാർ ജില്ലാ കലക്ടർക്ക് പ്രാഥമിക റിപ്പോർട്ട് നൽകി. ഫയർ എൻ.ഒ.സി, ഫയർ സേഫ്ടി എന്നിവ സംബന്ധിച്ച് കൂടുതൽ അന്വേഷണമുണ്ടാകുമെന്ന് തഹസിൽദാർ അറിയിച്ചു. ഗോഡൗണിൽ അഗ്നിരക്ഷാ നിയന്ത്രണ ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതിൽ വീഴ്ചയുണ്ടായെന്നും നടപടിയുണ്ടാകുമെന്നും ഫയർഫോഴ്സ് അധികൃതരും പ്രതികരിച്ചു.