
കൊച്ചി: ''പുലർച്ചെ 2 മണി. അമ്മ ടോയ്ലെറ്റിൽ പോയി വന്ന് കിടന്നിട്ടേയുണ്ടായുള്ളൂ. ഉറക്കംവരാതെ കിടക്കുമ്പോഴാണ് പൊത്തിത്തെറിയുടെ ശബ്ദം കേൾക്കുന്നത്. പുറത്തിറങ്ങി നോക്കുമ്പോൾ ഗോഡൗണിന് തീപിടിച്ചതാണ് കണ്ടത്. ഉടൻ അമ്മയെയും കൊണ്ട് പുറത്തെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറി. '' മരണത്തിന്റെ മുന്നിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട അജിക്ക് നടന്ന സംഭവങ്ങൾ ഓർത്തെടുക്കുമ്പോഴും ഞെട്ടൽ മാറിയിട്ടില്ല.
മെക്കാനിക്കായ അജി ഭാസ്ക്കറും അമ്മയും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. '' ആദ്യമൊരു പൊട്ടിത്തെറിയാണ് കേട്ടത്. പിന്നെ ശക്തമായൊരു പൊട്ടിത്തെറി കൂടിയുണ്ടായി. സാധാരണ നാഷണൽ പെർമിറ്റ് ലോറികൾ വഴിതെറ്റി വന്ന് അപകടത്തിൽപ്പെടാറുണ്ട്. അങ്ങനെ വല്ലതുമായിരിക്കുമെന്നാണ് കരുതിയത്. വാതിൽ തുറന്ന് നോക്കിയപ്പോഴാണ് ഗോഡൗണിന് തീപിടിച്ചത് കണ്ടത്. അപ്പോൾ തന്നെ ഫയർഫോഴ്സിനെ വിളിച്ചുപറയുകയായിരുന്നു'' അജി പറഞ്ഞു.
''ബാത്ത് റൂമിൽ പോയിവന്ന് കിടന്നപ്പോൾ തന്നെ കറന്റ് പോയി. പെട്ടെന്ന് മകൻവന്ന് കൈയ്യിൽ പിടിച്ചിട്ട് പറഞ്ഞു, അമ്മേ ഗോഡൗണിന് തീപിടിച്ചു. അവനൊപ്പം പുറത്തേക്കിറങ്ങിയത് കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടത്. ഇപ്പോഴുണ്ടായിട്ടുള്ള നാശനഷ്ടങ്ങൾ പുതുക്കി പണിയാവുന്നതേയുള്ളൂ. ആർക്കും ജീവൻ നഷ്ടപ്പെട്ടില്ലല്ലോ'' അജിയുടെ അമ്മ സരസ്വതി ഭാസ്കരൻ പറഞ്ഞു.
വർഷങ്ങളായി അജിയും കുടുംബവും ഇവിടെയാണ് താമസിക്കുന്നത്. പൊട്ടിത്തെറിയെ തുടർന്ന് അജിയുടെ വീടിന്റെ ജനറൽ ചില്ലുകൾ തകർന്നിരുന്നു. ഇതിലൂടെ തീ കടന്ന് അടുക്കളയുൾപ്പടെയുള്ള ഭാഗങ്ങൾ കത്തി നശിക്കുകയായിരുന്നു. വീട് വാസയോഗ്യമല്ല.