തോപ്പുംപടി : ഹാർബർ പാലം നവീകരണവുമായി ബന്ധപ്പെട്ട് പാലം അടച്ചതിനെ തുടർന്ന് രൂപപ്പെട്ട ഗതാഗത കുരുക്കിന്റെ പേരിൽ സ്വകാര്യ ബസുകൾ പാതി വഴിയിൽ സർവീസ് അവസാനിപ്പിക്കുന്നതായി പരാതി. പടിഞ്ഞാറൻ കൊച്ചിയിലേയ്ക്ക് നഗരത്തിൽ നിന്ന് വരുന്ന ബസുകൾ മട്ടാഞ്ചേരി ഹാൾട്ട്, ബി.ഒ.ടി പാലം എന്നിവിടങ്ങളിൽ യാത്രക്കാരെ ഇറക്കി വിട്ട് മടങ്ങുകയാണെന്നാണ് ആക്ഷേപം. ഗതാഗതക്കുരുക്കിൽ സമയം നഷ്ടപ്പെട്ട യാത്രക്കാർക്ക് ഇത് മൂലം ഏറെ പ്രയാസമാണുള്ളത്.സമയ നഷടത്തിന്റെ പേരിലാണ് സർവീസ് പാതി വഴിയിൽ അവസാനിപ്പിക്കുന്നത്. മറ്റൊരു ബസ് വരുന്നത് വരെ യാത്രക്കാർ കാത്ത് നിൽക്കണം.ചോദ്യം ചെയ്യുന്ന യാത്രക്കാരെ ഭീഷണിപ്പെടുത്തുന്നതായും പരാതിയുണ്ട്. നാട്ടുകാർ സംഘം ചേർന്ന് മട്ടാഞ്ചേരി ജോയിന്റ് ആർ.ടി.ഒയ്ക്ക് പരാതി നൽകാനുള്ള ഒരുക്കത്തിലാണ്.