 
കൊച്ചി: പള്ളുരുത്തി ഇ.കെ. നാരായണൻ സ്ക്വയറിന് ഇനി പുതിയ മുഖം കൈവരും. സ്ഥലം നവീകരിച്ച് അടിമുടി മാറ്റാനുള്ള പദ്ധതിക്ക് അംഗീകാരമായി. പള്ളുരുത്തിയിലെ ഏറ്റവും പ്രധാനപ്പെട്ട ഓപ്പൺ സ്പേസുകളിൽ ഒന്നാണ് ഇ.കെ. നാരായണൻ സ്ക്വയർ. കൊച്ചി മുൻമേയറും പാലിയം സമരസേനാനി കൂടിയായിരുന്ന ഇ.കെ. നാരായണന്റെ പേരിലുള്ള സ്ക്വയറാണിത്. പള്ളുരുത്തിയിലെ ഭൂരിഭാഗം പരിപാടികളും ഇവിടെയാണ് നടക്കുന്നത്.
നിലവിൽ ഒരു സ്റ്റേജും ടോയ്ലെറ്റുകളും മാത്രമുള്ള സ്ക്വയറിന് ഏറെ പരിമിതികൾ നിലവിലുണ്ട്. ഇത് പരിഹരിക്കുകയാണ് ലക്ഷ്യം. മഴപെയ്താൽ ചോരുന്ന അവസ്ഥയാണിപ്പോൾ. ഇതെല്ലാം പരിഹരിച്ച് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുകയാണ് ലക്ഷ്യം. പദ്ധതിയുടെ ടെൻഡർ നടപടികൾ പൂർത്തിയായി.
മേയർ എം. അനിൽകുമാറിന്റെ ആവശ്യപ്രകാരം കൊച്ചിൻ ഷിപ്യാർഡിന്റെ സി.എസ്.ആർ ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.
പ്രസിദ്ധ ആർക്കിടെക്ടായ ബിലായ് മേനോനാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. രണ്ട് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പിലാക്കുന്നത്. ആദ്യഘട്ടത്തിന്റെ ഭാഗമായി 30 ലക്ഷം രൂപ കൊച്ചിൻ ഷിപ്പ്‌യാർഡ് നൽകിക്കഴിഞ്ഞു.
സൗകര്യങ്ങൾ
ഏറെ പരിമിതികളുള്ള ഇ.കെ. നാരായണൻ സ്ക്വയർ സാംസ്കാരിക കേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യം.
ഓപ്പൺസ്റ്റേജ് മെച്ചപ്പെട്ട ലൈറ്റിംഗ് സംവിധാനം, ടോയ്‌ലെറ്റ് സൗകര്യങ്ങൾ ചുറ്റുമതിൽ എന്നിവയുടെ നവീകരണം ഉൾപ്പെടെയാണ് പദ്ധതിയിലുള്ളത്. വിപുലമായ പാർക്കിംഗ് സൗകര്യം, ഗ്രീൻറൂം, മതിൽ, പകൽവീട്, ഷട്ടിൽകോർട്ട്, പ്രായമായവർക്കും ഭിന്നശേഷിക്കാർക്കും ആശ്രയിക്കാൻ പറ്റുന്ന സൗകര്യം എന്നിവയാണ് ഒരുക്കുന്നത്.
പദ്ധതി ചെലവ്- 60 ലക്ഷം
ആദ്യഘട്ട തുക- 30 ലക്ഷം
പദ്ധതി ഈ കൗൺസിലിന്റെ കാലാവധി അവസാനിക്കുന്നതിനുമുമ്പ് പൂർത്തിയാക്കാനാണ് തീരുമാനം. ടെൻഡർ നടപടികൾ പൂർത്തിയായ സാഹചര്യത്തിൽ ഉടനെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കും. മേയറുമായി കൂടിയാലോചിച്ചശേഷം കല്ലിടീൽ കർമ്മം തീരുമാനിക്കും.
സി.ആർ. സുധീർ,
കൗൺസിലർ