
കൊച്ചി: എറണാകുളം സൗത്ത് റെയിൽവേ മേൽപ്പാലത്തിന് സമീപത്തെ ആക്രി ഗോഡൗണിലും നെടുമ്പാശേരി വിമാനത്താവളത്തിന് സമീപത്തെ ഹോട്ടലിലെ പാർക്കിംഗിലും ഇന്നലെ വൻ തീപിടിത്തമുണ്ടായി. പുലർച്ചെ രണ്ട് മണിയോടെയാണ് ഗോഡൗൺ അഗ്നിക്കിരയായത്. അകത്ത് ഉറങ്ങുകയായിരുന്ന ഒമ്പത് തൊഴിലാളികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. നേപ്പാൾ സ്വദേശികളും അന്യസംസ്ഥാനക്കാരുമാണ് ഇവർ. സമീപത്തെ വീട് തീ പടർന്ന് പൂർണമായും കത്തി നശിച്ചു. തീ ആളിക്കത്തിയതോടെ എറണാകുളം-ആലപ്പുഴ റൂട്ടിലെ ട്രെയിൻ ഗതാഗതം രണ്ട് മണിക്കൂറിലേറെ നിറുത്തിവച്ചു.
സിനിമാ നിർമ്മാതാവ് രാജു ഗോപിയുടേതാണ് ഗോഡൗൺ. സമീപവാസി അജിത്താണ് അഗ്‌നിബാധ ആദ്യം കണ്ടത്. മിനിട്ടുകൾക്കകം ഫയർഫോഴ്‌സും പൊലീസും സ്ഥലത്ത് എത്തി തീ നിയന്ത്രണവിധേയമാക്കി. ഗോഡൗണിൽ സൂക്ഷിച്ചിരുന്ന 12 സ്‌ക്രാപ്പ് ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചതാണ് തീപിടിത്തത്തിന്റെ വ്യാപ്തി കൂട്ടിയത്. പൊലീസ് അന്വേഷണം ആരംഭിച്ചു. അതിനിടെ,ഗോഡൗൺ അഗ്നിരക്ഷാ നിയന്ത്രണ മാർഗങ്ങൾ ഇല്ലാതെയാണ് പ്രവർത്തിച്ചതെന്ന് കണ്ടെത്തി. സംഭവത്തിൽ തഹസിൽദാർ ജില്ലാ കളക്ടർക്ക് പ്രാഥമിക റിപ്പോർട്ട് നൽകി. അതേസമയം,ഷോർട്ട് സർക്യൂട്ടിന് സാദ്ധ്യതയില്ലെന്നും സാമൂഹ്യ വിരുദ്ധരാണ് തീയിട്ടതെന്നും ഗോഡൗൺ ഉടമ പറഞ്ഞു.
ശനിയാഴ്ച അർദ്ധരാത്രിയാണ് നെടുമ്പാശേരിയിലെ ഹോട്ടലിൽ അഗ്നിബാധയുണ്ടായത്. ഒരു കാർ പൂർണമായും മൂന്ന് കാറുകളും അഞ്ച് ബൈക്കുകളും ഭാഗികമായും കത്തിനശിച്ചു. ആളപായമില്ല. അതിനിടെ മുറിയിൽ കുടുങ്ങിയ പെൺകുട്ടിയെ സാഹസികമായി രക്ഷപ്പെടുത്തി.