traco2

കൊച്ചി: നാലു വർഷംമുമ്പ് നഷ്ടത്തിലേക്കു പോവുകയും സാമ്പത്തിക ബാദ്ധ്യത 245 കോടിയായി വർദ്ധിക്കുകയും ചെയ്തതാണ് സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ ട്രാക്കോ കേബിളിനെ പ്രതിസന്ധിയിലേക്ക് തള്ളിയിട്ടത്.

പവർ ഫിനാൻസ് കോർപ്പറേഷൻ നൽകിയ വായ്‌പയായ 89 കോടിയും അസംസ്‌കൃതവസ്‌തുക്കൾ നൽകിയവർക്കുള്ള തുകയും ജീവനക്കാരുടെ ആനുകൂല്യങ്ങളും ഉൾപ്പെടെയാണ് ബാദ്ധ്യത.

ഇരുമ്പനം യൂണിറ്റിന്റെ 35 ഏക്കർ സ്ഥലം ഇൻഫോപാർക്കിന് 200 കോടി രൂപയ്ക്ക്

വിറ്റ് പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമം നടപ്പായില്ല. സ്ഥലം പാട്ടഭൂമിയായതിനാൽ നേരിട്ട് കൈമാറാൻ കഴിയില്ല. സർക്കാർ വഴി കൈമാറാനുള്ള നടപടികൾ എങ്ങുമെത്തിയതുമില്ല.

ഒരു വർഷമായി ശമ്പളം നൽകുന്നില്ല.

ജീവനക്കാർക്കായി നാലുമാസം മുമ്പ് തയ്യാറാക്കിയ പാക്കേജ് നടപ്പാക്കിയിട്ടില്ല. ശമ്പളത്തിൽ നിന്ന് പിടിച്ച തുക പി.എഫിലേക്ക് അടച്ചിട്ടില്ല. വിരമിച്ചവർക്ക് ആനുകൂല്യങ്ങൾ ലഭിച്ചിട്ടില്ല.

ഈ സാഹചര്യങ്ങളാണ്

ഇരുമ്പനം യൂണിറ്റിലെ ഓപ്പറേഷൻസ് വിഭാഗത്തിലെ പി. ഉണ്ണിയുടെ ആത്മഹത്യക്ക് വഴിവച്ചത്.

വ്യവസായ വകുപ്പിന് കീഴിൽ 1964ൽ സ്ഥാപിതമായ ട്രാക്കോ കേബിൾ കമ്പനി വയറിംഗ് കേബിൾ, വിവിധതരം കണ്ടക്‌ടറുകൾ എന്നിവയാണ് ഉത്പാദിപ്പിക്കുന്നത്.

കണ്ണൂരിലെ പിണറായി, പത്തനംതിട്ടയിലെ തിരുവല്ല ചുമത്ര എന്നിവിടങ്ങളിലും യൂണിറ്റുകളുണ്ട്. ഇരുമ്പനത്തെ ജീവനക്കാരെ മറ്റിടങ്ങളിലേയ്ക്ക് മാറ്റുകയോ സ്വയംവിരമിക്കൽ നടപ്പാക്കുകയോ ചെയ്യാൻ തീരുമാനിച്ചെങ്കിലും നടപ്പാക്കാനായില്ല. ഇരുമ്പനത്തെ 100 പേരുൾപ്പെടെ 300 ഓളം ജീവനക്കാരാണ് ട്രാക്കോയിലുള്ളത്.

ഉത്പന്നങ്ങൾക്ക് ഡിമാൻഡ്

പ്രവർത്തിക്കാൻ പണമില്ല

കേരള, തമിഴ്നാട് വൈദ്യുതി ബോർഡുകൾ ഉൾപ്പെടെ ട്രാക്കോയുടെ ഉപഭോക്താക്കളാണ്. കേബിളുകൾക്ക് വൻ ഡിമാൻഡുമാണ്. മൂലധനമില്ലാത്തതിനാൽ അസംസ്‌കൃത വസ്‌തുക്കൾ വാങ്ങാനും ഉത്പാദനം വർദ്ധിപ്പിക്കാനും കഴിയാത്തതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്.

രണ്ടു മാസത്തിനകം

ആനുകൂല്യം നൽകും

ജീവനക്കാരുടെ ആനുകൂല്യങ്ങൾ രണ്ടുമാസത്തിനകം നൽകുമെന്ന് ട്രാക്കോ കേബിൾ ചെയർമാൻ വഴുതാനത്ത് ബാലചന്ദ്രൻ പറഞ്ഞു. പാക്കേജ് നടപ്പാക്കും. സ്ഥലം കൈമാറി ലഭിക്കുന്ന 200 കോടി രൂപ ജീവനക്കാരുടെ ആനുകൂല്യങ്ങൾക്കായി വിനിയോഗിക്കും. ജീവനക്കാരന്റെ മരണത്തിന്റെ ഉത്തരവാദിത്വം ചെയർമാനെന്ന നിലയിൽ താനും കമ്പനിയും ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.