gothuruth-vallamkali-a-gr
ഗോതുരുത്ത് മുസിരീസ് ജലോത്സവം എ ഗ്രേഡ് ഫൈനൽ

പറവൂർ: ഗോതുരുത്ത് - തെക്കേത്തുരുത്ത് പുഴയിൽ ഇരുട്ടുകുത്തി വള്ളങ്ങൾ മാറ്റുരച്ച ഗോതുരുത്ത് മുസിരീസ് ജലോത്സവത്തിൽ താണിയനും വടക്കുംപുറവും ജേതാക്കൾ. എ ഗ്രേഡ് ഫൈനലിൽ ചാത്തേടം ക്രിസ്തു‌രാജ ബോട്ട് ക്ലബ് തുഴഞ്ഞ താണിയൻ, ടി.ബി.സി കൊച്ചിൻ ടൗൺ തുഴഞ്ഞ ഗോതുരുത്തുപുത്രനെ പരാജയപ്പെടുത്തി. ബി ഗ്രേഡിൽ പി.ബി.സി വടക്കുംപുറം തുഴഞ്ഞ വടക്കുംപുറം വള്ളം മടപ്ലാതുരുത്ത് ബോട്ട് ക്ലബിന്റെ മടപ്ലാതുരുത്ത് വള്ളത്തെ തോൽപിച്ചു. എ ഗ്രേഡ്, ബി ഗ്രേഡ് വിഭാഗങ്ങളിലായി പതിനാല് വള്ളങ്ങൾ പങ്കെടുത്തു. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ജലോത്സവം ഉദ്ഘാടനം ചെയ്‌തു. ഗോതുരുത്ത് മുസിരിസ് ബോട്ട് റെയ്‌സ് ക്ലബ് പ്രസിഡന്റ് റോഷൻ മനക്കിൽ അദ്ധ്യക്ഷനായി. റാഫേൽ കൈതത്തറ ഫ്ലാഗ്‌ഓഫ് ചെയ്തു. കെ.ടി. ഗ്ലിറ്റർ തുഴ കൈമാറി. പി.ജി.വിപിൻ, ജോമി ജോസി, ആൽറിൻ കെ. ജോബോയ്, പീറ്റർ പാറക്കൽ തുടങ്ങിയവർ സംസാരിച്ചു. ഷിപ്പി സെബാസ്റ്റ്യൻ ജേതാക്കൾക്ക് ട്രോഫി നൽകി. ഗോതുരുത്ത് മുസിരീസ് ബോട്ട് റെയ്‌സ് ക്ലബാണ് ജലമേള സംഘടിപ്പിച്ചത്.