കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ആരോഗ്യമന്ത്രി വീണാ ജോർജ് നിർവഹിച്ചു. എറണാകുളം ജനറൽ ആശുപത്രിയിൽ കാർഡിയോ തൊറാസിക് സർജനെയും ഒരു ഗ്യാസ്‌ട്രോഎൻട്രോളജി വിഭാഗം ഡോക്‌ടറെയും ഉടൻ നിയമിക്കുമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു.
ടി.ജെ. വിനോദ് എം.എൽ.എ അദ്ധ്യക്ഷനായി. ജില്ലാ പ്രാരംഭ ഇടപെടൽ കേന്ദ്രത്തിന്റെ നവീകരിച്ച കെട്ടിടം, 'പ്രതീക്ഷ' സമഗ്ര പാലിയേറ്റീവ് ഫിസിയോതെറാപ്പി പദ്ധതി, കുട്ടികളുടെ സാന്ത്വനപരിചരണ പദ്ധതി, ആന്റിബയോട്ടിക് പോളിസി റിലീസ്, നവീകരിച്ച മരുന്നുസംഭരണ കേന്ദ്രം, നവീകരിച്ച ഒഫ്താൽമോളജി വിഭാഗം, നവീകരിച്ച സ്ത്രീകളുടെ മെഡിക്കൽ വാർഡ്, ബുക്ക് സ്റ്റാൻഡർ പദ്ധതി എന്നിവയുടെ ഉദ്ഘാടനമാണ് മന്ത്രി നിർവഹിച്ചത്. 'താങ്ക്‌യു ഡോണർ' മൊബൈൽ ആപ്പിന്റെ ഉദ്ഘാടനം മേയർ എം. അനിൽകുമാർ നിർവഹിച്ചു. ഫൈബ്രോ സ്‌കാൻ പദ്ധതി ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു. ഹെൽത്ത് സർവീസസ് ഡയറക്ടർ ഡോ. കെ.ജെ. റീന, കെ സൊട്ടോ എക്‌സിക്യുട്ടീവ് ഡയറക്ടർ ഡോ. നോബിൾ ഗ്രേഷ്യസ്, എൻ.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. പി.എസ്. ശിവപ്രസാദ്, ഡി.എം.ഒ ഡോ. ആശാദേവി തുടങ്ങിയവർ സംസാരിച്ചു. എയ്ഡ്‌സ് ദിനാചരണവും വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയുടെ വാർഷികാഘോഷവും നടന്നു. ജനറൽ ആശുപത്രിയിൽ ആദ്യമായി വൃക്ക മാറ്റിവച്ച അഞ്ചുപേരും അവരുടെ ദാതാക്കളും ചടങ്ങിൽ പങ്കെടുത്തു.