 
പിറവം: പിറവം നഗരസഭ ഒന്നാം ഡിവിഷനിലെ കക്കാട് ആറ്റുതീരം റോഡ് ഗതാഗതത്തിനായി തുറന്നു നൽകി. പാമ്പ്രപ്പടി മുതൽ നെച്ചൂർ കടവ് വരെ 3.5 കിലോമീറ്റർ റോഡ് സംസ്ഥാന സർക്കാരിന്റെ വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ടിൽ നിന്ന് അനുവദിച്ച 22 ലക്ഷം രൂപയും എം.എൽ.എ ഫണ്ടിൽ നിന്ന് അനുവദിച്ച 45 ലക്ഷം രൂപയും നഗരസഭാ ഫണ്ടിൽ നിന്നുള്ള 10 ലക്ഷം രൂപയും ഉപയോഗിച്ചാണ് നിർമാണം പൂർത്തീകരിച്ചത്. കക്കാട് കല്ലിംങ്കൽപ്പടി ജംഗ്ഷനിൽ അനൂപ് ജേക്കബ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ തവണ നഗരസഭ ഭരണത്തിൽ യു.ഡി.എഫ് ആയിരുന്നപ്പോൾ എം.എൽ.എ ഫണ്ട് അനുവദിച്ചതാണെന്നും അന്നത്തെ ഭരണ സമിതി പദ്ധതി വൈകിപ്പിച്ചുവെന്നും എം.എൽ.എ പറഞ്ഞു. നഗരസഭ ചെയർപേഴ്സൺ അഡ്വ. ജൂലി സാബു അദ്ധ്യക്ഷയായി. വൈസ് ചെയർമാൻ കെ.പി. സലിം, സ്ഥിരം സമിതി അദ്ധ്യക്ഷരായ അഡ്വ. ബിമൽ ചന്ദ്രൻ, വത്സല വർഗീസ്, കൗൺസിലർമാരായ തോമസ് മല്ലിപ്പുറം, ആർ. പ്രശാന്ത്, ഡോ. അജേഷ് മനോഹർ, പി. ഗിരീഷ് കുമാർ, രാജു പാണാലിക്കൽ, ജോജിമോൻ ചാരുപ്ലാവിൽ, പ്രശാന്ത് മമ്പുറത്ത്, ഷെബി ബിജു തുടങ്ങിയവർ സംസാരിച്ചു.