
കൊച്ചി: പ്രമുഖ ക്ഷേത്രങ്ങളിൽ ഭിന്നശേഷിക്കാരുടെ സുഗമ ദർശനത്തിന് അവസരമൊരുങ്ങുന്നു. കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രമുൾപ്പെടെയുള്ള ഇടങ്ങളിപ്പോൾ ഭിന്നശേഷി സൗഹൃദമാണ്. ചോറ്റാനിക്കര, ഗുരുവായൂർ, തളി, ചങ്ങനാശേരി മാടപ്പള്ളി ഭഗവതി ക്ഷേത്രം, ഇത്തിത്താനം ഇളങ്കാവ് ക്ഷേത്രം, കാഞ്ഞിരപ്പള്ളി ചെറുവള്ളി ദേവീക്ഷേത്രം, മലപ്പുറം ആലത്തിയൂർ ഹനുമാൻ സ്വാമി ക്ഷേത്രം, തൃപ്പങ്ങോട്ട് ശിവക്ഷേത്രം തുടങ്ങി അപൂർവം ക്ഷേത്രങ്ങളിൽ നാലമ്പലത്തിനകത്ത് വീൽചെയറിൽ പ്രവേശിക്കാം. ഉയർന്ന പടികളും ബലിക്കല്ലുകളുമുള്ളതിനാൽ പ്രദക്ഷിണം ഇവർക്ക് അസാദ്ധ്യമാണ്.
പ്രത്യേക വീൽചെയർ
നടക്കാനാകാത്ത ഭക്തർക്കായി കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ പ്രത്യേകം വീൽചെയർ നിർമ്മിച്ചു. രണ്ട് വർഷം മുമ്പ് തമിഴ്നാട് സ്വദേശിയായ യുവതിയെ ക്ഷേത്രം ജീവനക്കാർ ചുമന്ന് ദർശന സൗകര്യമൊരുക്കിയിരുന്നു. അന്ന് കൊച്ചിൻ ദേവസ്വം ബോർഡിന്റെ അസി. കമ്മിഷണർ സുനിൽ കർത്തായ്ക്ക് തോന്നിയ ചിന്തയാണ് വീൽചെയർ സാദ്ധ്യമാക്കിയത്.
ദേവസ്വം ക്ഷേത്രങ്ങളിൽ ഭണ്ഡാരം നിർമ്മിക്കുന്ന ചാലക്കുടിയിലെ ബ്ലൂ ലൈറ്റ് കിച്ചൺ വീതികുറച്ചും വലിയ ചക്രങ്ങൾ ഘടിപ്പിച്ചും വീൽച്ചെയർ നിർമ്മിച്ചു നൽകി. ലോകമലേശ്വരം എൻ.എസ്.എസ് നിർമ്മാണ ചെലവ് വഹിച്ചു. നിരവധി പേർ ഇപ്പോൾ ഈ സൗകര്യം ഉപയോഗപ്പെടുത്തുന്നുണ്ട്. നിശ്ചിത സമയത്ത് ഗുരുവായൂർ ക്ഷേത്രനടയിൽ വീൽചെയറിൽ തൊഴാൻ സൗകര്യമുണ്ട്.
സംസ്ഥാനത്തെ എല്ലാ ക്ഷേത്രങ്ങളും ഭിന്നശേഷി സൗഹൃദമാക്കണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട്. എല്ലാവരിൽ നിന്നും അനുകൂല സമീപനമാണ്.പ്രജിത് ജയപാൽ,
മാനേജിംഗ് ട്രസ്റ്റി
ദിവ്യാങ്ക് ഫൗണ്ടേഷൻ ട്രസ്റ്റ്
ക്ഷേത്രങ്ങളിൽ ഭിന്നശേഷിക്കാർക്ക് ദർശന സാഹചര്യമൊരുക്കണം. ഇക്കാര്യമാവശ്യപ്പെട്ട് ദേവസ്വം ബോർഡുകൾക്ക് കത്തയച്ചിട്ടുണ്ട്
ചന്ദ്രദാസ് കേശവപിള്ള,
സാമൂഹിക പ്രവർത്തകൻ