adam

കൊച്ചി: പള്ളുരുത്തി സ്വദേശിയായ സി.എ വിദ്യാർത്ഥി ആദം ജോൺ എവിടെ? കഴിഞ്ഞ നാലു മാസമായി കൊച്ചി സിറ്റി പൊലീസ് ഈ ചോദ്യത്തിന് ഉത്തരം തേടുകയാണ്. ഡി.സി.പി കെ.എസ്. സുദർശന്റെ നേതൃത്വത്തിൽ പ്രത്യേകസംഘം കേസന്വേഷണം ഏറ്റെടുത്തിട്ടും ഒരു തുമ്പും ലഭിച്ചിട്ടില്ല. ആദം പോയിട്ടുള്ള സ്ഥലങ്ങളെക്കുറിച്ചും ബന്ധപ്പെടാൻ സാദ്ധ്യതയുള്ള ആളുകളിൽ നിന്നെല്ലാം മൊഴിരേഖപ്പെടുത്തുകയാണ്. ആദം ഫോൺ ഉപയോഗിക്കുകയോ സുഹൃത്തുക്കളുമായി ആശയവിനിമയം നടത്തുകയോ ചെയ്തിട്ടില്ല. ഇതാണ് അന്വേഷണത്തിന് തിരിച്ചടിയായിരിക്കുന്നത്. ഹി​മാലയൻ യാത്രയെക്കുറി​ച്ച് ആദം ഇന്റർനെറ്റി​ൽ തി​രച്ചി​ൽ നടത്തി​യി​ട്ടുണ്ട്. ഇതി​ന്റെ ചുവടുപി​ടി​ച്ചും അന്വേഷണം പുരോഗമിക്കുന്നുണ്ട്. ഇനി​ പ്രതീക്ഷ ഈ സാദ്ധ്യതയി​ൽ മാത്രമാണ്.

പള്ളുരുത്തി സ്വദേശി കൊല്ലശേരി ആന്റണിയുടെയും സിമിയുടെയും മൂത്തമകനാണ് ആദം ജോ. മകൻ എവിടെപ്പോയെന്നറിയാതെ തീതിന്ന് കഴിയുകയാണ് കുടുംബം. അനുജൻ എഫ്രേം എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. ടാക്സ് കൺസൾട്ടന്റുമാരാണ് ആന്റണിയും സിമിയും. മിതഭാഷിയായ ആദത്തിന് സുഹൃത്ത്ബന്ധവും കുറവായിരുന്നു. എസ്.എസ്.എൽ.സിക്കും പ്ളസ് ടുവിനും ഉന്നത വിജയം നേടിയ ശേഷം സി.എ. പ്രിലിമിനറി പരീക്ഷ പാസായി ഇന്റർ പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്നു.

 അപ്രത്യക്ഷമായി ആദവും സൈക്കിളും

സൈക്കിളിസ്റ്റ് കൂടിയായ ആദം ജൂലായ് 27ന് പുലർച്ചെ സൈക്കിളുമായി വീട്ടിൽ നിന്ന് ഇറങ്ങിയതാണ്. പിന്നെ തിരിച്ചെത്തിയിട്ടില്ല. പുലർച്ചെ മൂന്നിന് 10 കിലോമീറ്ററെങ്കിലും സൈക്കിൾ ചവിട്ടുന്നത് പതിവാണ്. കൊച്ചിൻ ഷിപ്‌യാർഡ് വരെ സൈക്കിളിലെത്തിയ സി.സി ടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. പിന്നീട് ഇതുവരെ ആദത്തി​നെയോ സൈക്കി​ളി​നെയോ കണ്ടിട്ടില്ല. ബനി​യനും ഷോർട്ട്സും മാത്രം ധരി​ച്ച് പതി​വ് സൈക്കി​ളിംഗി​ന് ഇറങ്ങി​യ ആദം പഴ്‌സും എ.ടി.എം കാർഡും എടുത്തി​രുന്നി​ല്ല.

 ഹൈക്കോടതിയെ അറിയിച്ചു

ആദം ജോ ആന്റണി​യുടെ (20) തിരോധാനത്തെക്കുറിച്ച് അന്വേഷിക്കാനായി കൊച്ചി സിറ്റി ഡെപ്യൂട്ടി കമ്മിഷണറുടെ നേതൃത്വത്തിൽ 13 അംഗ പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചതായി സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. പ്രത്യേക അന്വേഷണസംഘത്തിന് രൂപം നൽകണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് എം.ബി.സ്നേഹലത എന്നിവരടങ്ങിയ ഡിവിഷൻബെഞ്ച് നേരത്തെ നിർദ്ദേശിച്ചിരുന്നു. ആദം ജോയുടെ പിതാവ് കെ.ജെ.ആന്റണി നൽകിയ ഹർജിയിലായിരുന്നു നിർദ്ദേശം. വിഷയം 19ന് വീണ്ടും പരിഗണിക്കും.