ആലുവ: ആലുവ നഗരസഭയിൽ മുൻ‌കൂർ അനുമതി ദുരുപയോഗം ചെയ്യുന്നതിനെതിരെ ബി.ജെ.പി അംഗങ്ങൾ കൗൺസിൽ യോഗത്തിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ജനരോഷത്തെ ഭയന്ന് പ്രതിഷേധത്തിന്റെ ചിത്രങ്ങളെടുക്കുന്നതിന് അനുമതി നിഷേധിക്കുന്ന ചെയർമാന്റെ നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് പാർലമെന്ററി പാർട്ടി നേതാവ് എൻ. ശ്രീകാന്ത് ആരോപിച്ചു. 26 ലക്ഷം രൂപക്ക് മുകളിൽ വരുന്ന പദ്ധതികൾ മുൻ‌കൂർ അനുമതി നൽകി തീരുമാനിച്ചത് ജനങ്ങളെ വെല്ലുവിളിക്കുന്നതാണ്. കൗൺസിലിനെ അറിയിക്കാതെ ജനങ്ങളുടെ സുരക്ഷയെ ബാധിക്കുന്ന അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങൾക്ക് മാത്രം ഉപയോഗിക്കാവുന്ന മുൻ‌കൂർ അനുമതിക്കുള്ള അധികാരം തോന്നിയപോലെ ഉപയോഗിക്കുകയാണ്. ഇതിനെതിരെ ഒരു വിയോജിപ്പും രേഖപ്പെടുത്താത്ത സെക്രട്ടറിയും കൂട്ടുനിൽക്കുകയാണ്. ഇടതുപക്ഷ കൗൺസിലർമാരുടെ മൗനം ഒത്തുകളിയുടെ തെളിവാണ്. ഇതിനെതിരെ ജോയിന്റ് ഡയറക്ടർക്ക് പരാതി നൽകുമെന്നും സെക്രട്ടറിക്കും ചെയർമാനുമെതിരെ നിയമ നടപടികളെടുക്കുമെന്നും ബി.ജെ.പി കൗൺസിലർമാർ പറഞ്ഞു.