
കൊച്ചി: കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പ് കേസ് പ്രതികളായ പി.ആർ. അരവിന്ദാക്ഷനും സി.കെ. ജിൽസിനും ഹൈക്കോടതി കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചു. 14 മാസമായി ജയിലിലാണെന്നതും ക്രിമിനൽ പശ്ചാത്തലമില്ലെന്നതും പരിഗണിച്ചാണ് ജസ്റ്റിസ് സി.എസ്. ഡയസിന്റെ നടപടി. സി.പി.എം നേതാവും വടക്കാഞ്ചേരി നഗരസഭാ കൗൺസിലറുമായ അരവിന്ദാക്ഷൻ 15-ാം പ്രതിയും ബാങ്ക് മുൻ അക്കൗണ്ടന്റ് ജിൽസ് 16-ാം പ്രതിയുമാണ്. ഇവർക്കെതിരായ അന്വേഷണം പൂർത്തിയായി. എന്നാൽ മുഖ്യകേസിന്റെ അന്വേഷണം തുടരുന്നതിനാൽ ഉടനെയൊന്നും വിചാരണ തുടങ്ങുമെന്ന് പറയാനാകില്ലെന്നതും പരിഗണിച്ചാണ് ജാമ്യമെന്ന് ഉത്തരവിൽ വ്യക്തമാക്കി.
രണ്ടുലക്ഷം രൂപയുടെ സ്വന്തം ബോണ്ടും തത്തുല്യമായ രണ്ട് ആൾജാമ്യവുമാണ് മുഖ്യവ്യവസ്ഥ. പാസ്പോർട്ട് കോടതിയിൽ സമർപ്പിക്കണം.