employment

കൊച്ചി: പ്രതിവർഷം തൊഴിൽ ദിനവും വേതനവും കുറയുന്നതോടെ തൊഴിലുറപ്പ് തൊഴിലാളികൾ പ്രതിസന്ധിയിൽ . ബഡ്ജറ്റിൽ അനുവദിക്കുന്ന തുകയും വർഷം തോറും കുറയുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് തൊഴിൽ കാർഡ് ഉടമകളിൽ നൂറ് ദിവസത്തെ തൊഴിൽ ലഭിച്ചവരും കുറവാണ്. ഒപ്പം കോടിക്കണക്കിന് തൊഴിലാളികൾ പദ്ധതിയിൽ നിന്ന് പുറത്താകുന്നുമുണ്ട്. തൊഴിൽ ദിനങ്ങൾ 200 ആയി വർദ്ധിപ്പിക്കുക, അർഹരായ മുഴുവൻ തൊഴിലാളികൾക്കും തൊഴിൽ ഉറപ്പുവരുത്തുക, ദിവസക്കൂലി വർദ്ധിപ്പിക്കുക തുടങ്ങിയവയാണ് തൊഴിലാളികളുടെ ആവശ്യങ്ങൾ.


ആപ്പിലാക്കി എൻ.എം.എം.എസ് ആപ്പ്

നാഷണൽ മൊബൈൽ മോണിറ്ററിംഗ് സിസ്റ്റം (എൻ.എം.എം.എസ്) ആപ്പ് ഉപയോഗിക്കുന്ന തൊഴിലാളികളും പ്രതിസന്ധിയിലാണ്. ഹാജറിന് വേണ്ടിയാണ് കേന്ദ്ര ഗ്രാമീണ വികസന മന്ത്രാലയം ആപ്പ് വികസിപ്പിച്ചത്. തൊഴിലുറപ്പിലെ സൈറ്റ് സൂപ്പർവൈസറി ജോലികൾ ചെയ്യുന്ന വർക്ക്‌ സൈറ്റ് മേറ്റുകളാണ് ആപ്പ് ഉപയോഗിച്ച് തൊഴിലാളികളുടെ ഹാജർ എടുക്കുന്നത്.
തൊഴിലെടുക്കുന്ന സ്ഥലത്തു നിന്ന് തൊഴിലാളികളെല്ലാം ഉൾപ്പെടുന്ന ഫോട്ടോ ആദ്യമെടുത്ത് ആപ്പിൽ അപ്‌ലോഡ് ചെയ്യണം. ജോലി പൂർത്തീകരിച്ച ശേഷം അതേ സ്ഥലത്ത് നിന്ന് രണ്ടാമതും ഫോട്ടോ എടുത്ത് അപ്‌ലോഡ് ചെയ്യണം. എന്നാൽ മാത്രമേ അന്നത്തെ വേതനം ലഭിക്കൂ.

ഇന്റർനെറ്റ് വേഗതയില്ലാത്ത ഉൾപ്രദേശങ്ങളിൽ ഹാജർ രേഖപ്പെടുത്തി തത്സമയം ഡാറ്റ അപ്‌ലോഡ് ചെയ്യാനാവില്ല. ഇതോടെ കൂലിയുമില്ല. തൊഴിൽ പൂർത്തിയാക്കുന്നുണ്ടെങ്കിലും തൊഴിൽ ദിനവും വേതനവും നഷ്ടമാകുന്നു.

കണക്കുകൾ

2024-25ൽ 57,94,000 പേർ തൊഴിൽ കാർഡ് എടുത്തിട്ടുണ്ട്.

ജോലി ചെയ്യാനായത് 24,16,000പേർക്ക് മാത്രം.

100 ദിവസത്തെ തൊഴിൽ ലഭിച്ചത് 3500ഓളം പേർക്ക് മാത്രം.

2020-2021ൽ 385 കോടി തൊഴിൽദിനങ്ങൾ, 11,8857 കോടി ചിലവഴിച്ചു.

2023-24ൽ 307 കോടി ദിനങ്ങൾ, 10,2850 കോടി രൂപയായി കുറച്ചു.

ഈ വർഷം ബഡ്ജറ്റിൽ 86,000 കോടി മാത്രം

100 ദിവസത്തെ തൊഴിൽ ലഭിക്കുന്ന തൊഴിലാളികളുടെ എണ്ണം കുറയുന്നു. തൊഴിൽ കാർഡ് എടുത്തവർക്കെല്ലാം തൊഴിൽ ലഭിക്കുന്നില്ല. എൻ.ആർ.ഇ.ജി വർക്കേഴ്സ് ഫെഡറേഷനും സമരത്തിലാണ്. നടപടിയുണ്ടായില്ലെങ്കിൽ പ്രതിഷേധം തുടരും.

സീന ബോസ്

സംസ്ഥാന പ്രസിഡന്റ്‌

എൻ.ആർ.ഇ.ജി വർക്കേഴ്സ് ഫെഡറേഷൻ (എ.ഐ.ടി.യു.സി)