മൂവാറ്റുപുഴ: ഈ മാസം 13ന് തിരുവനന്തപുരത്ത് ആരംഭിക്കുന്ന 29-ാമത് രാജ്യാന്തരചലച്ചിത്രോത്സവത്തിന്റെ പ്രചരണാർത്ഥം നവംബർ 27ന് കാസർഗോഡ് കയ്യൂരിൽ നിന്ന് പുറപ്പെട്ട കേരള സംസ്ഥാന ചലച്ചിത്ര അക്കാ‌ഡമിയുടെ സിനിമാവണ്ടി ഇന്ന് രാവിലെ മൂവാറ്റുപുഴയിൽ എത്തിച്ചേരും. രാവിലെ 9.30ന് മൂവാറ്റുപുഴ നിർമ്മല കോളേജിൽ നടക്കുന്ന സ്വീകരണ പരിപാടി മുൻസിപ്പൽ ചെയർമാൻ പി.പി. എൽദോസ് ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര അക്കാ‌ഡമി എക്സിക്യുട്ടീവ് അംഗം പ്രകാശ് ശ്രീധർ, ചലച്ചിത്ര അക്കാഡമി ജനറൽ കൗൺസിൽ അംഗം എൻ. അരുൺ എന്നിവർ സംസാരിക്കും. തുടർന്ന് നിർമല കോളേജിലെ സ്ക്രീൻ ഒന്നിൽ " ക്ലാഷ് " എന്ന ഈജിപ്ഷ്യൻ സിനിമയും സ്ക്രീൻ രണ്ടിൽ ബംഗാളി സംവിധായിക അപർണ സെന്നിന്റെ " ജാപ്പനീസ് വൈഫ്" എന്ന സിനിമയും പ്രദർശിപ്പിക്കുമെന്ന് മൂവാറ്റുപുഴ ഫിലിം സൊസൈറ്റി പ്രസിഡന്റ് യു.ആർ. ബാബു, സെക്രട്ടറി ഡി. പ്രേംനാഥ് എന്നിവർ അറിയിച്ചു.