bird

നെടുമ്പാശേരി: വംശനാശ ഭീഷണി നേരിടുന്നവ ഉൾപ്പെടെ വിവിധയിനം വിദേശ പക്ഷികളുമായി തിരുവനന്തപുരം സ്വദേശിനിയും വളർത്തു മകനും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസിന്റെ പിടിയിലായി. കോവളം പാച്ചല്ലൂർ സ്വദേശി ബിന്ദുമോൾ (47), ഭർത്താവിന്റെ ആദ്യ വിവാഹത്തിലെ മകൻ ശരത് കുമാർ (24) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് 14 പക്ഷികളെയും പിടി കൂടി.

തായ് എയർവേയ്സ് വിമാനത്തിൽ തായ്ലൻഡിൽ നിന്ന് ഞായറാഴ്ച രാത്രിയാണ് പ്രതികൾ കൊച്ചിയിലെത്തിയത്. പെരുമാറ്റത്തിൽ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥർ ബാഗേജുകൾ വിശദമായി പരിശോധിക്കുന്നതിനിടെ ചിറകടി ശബ്ദം കേട്ടു. തുടർന്ന് ലഗേജുകൾ തുറന്നു പരിശോധിച്ചപ്പോഴാണ് കാർട്ടൻ ബോക്സുകളിലും പ്ളാസ്റ്റിക്ക് ബോക്സുകളിലുമായി പക്ഷികളെ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്. രണ്ട് വേഴാമ്പലുകളും ഇക്കൂട്ടത്തിലുണ്ടായിരുന്നു. അന്താരാഷ്ട്ര വിപണിയിൽ 25,000 മുതൽ രണ്ട് ലക്ഷം രൂപ വരെ വിലയുള്ള പക്ഷികളാണ് ഉണ്ടായിരുന്നത്. കുറ്റം തെളിഞ്ഞാൽ മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കാം.

75,000 രൂപ പ്രതിഫലത്തിന് വേണ്ടി ആദ്യമായാണ് പക്ഷിക്കടത്തിന് ശ്രമിച്ചതെന്ന് പ്രതികൾ കസ്റ്റംസിനോട് പറഞ്ഞു. ആർക്ക് വേണ്ടിയാണ് പക്ഷികളെ കൊണ്ടുവന്നതെന്ന് വ്യക്തമാക്കിയിട്ടില്ല.പ്രതികളെയും പക്ഷികളെയും വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോയുടെ കീഴിൽ കാക്കനാട് പ്രവർത്തിക്കുന്ന സതേൺ റീജിയണൽ ഓഫീസിന് കൈമാറി.നടപടികൾക്ക് ശേഷം പക്ഷികളെ മാതൃരാജ്യത്തേക്ക് തിരിച്ചയയ്‌ക്കുമെന്ന് കസ്റ്റംസ് പറഞ്ഞു. ഇപ്പോൾ വെറ്ററിനറി ഡോക്ടർമാരുടെയും വിദഗ്ധരുടെയും പരിചരണത്തിലാണ്.

കേരളത്തിൽ ആദ്യം

സ്വർണവും ഇലക്ട്രോണിക്സ് സാധനങ്ങളും ലഹരിവസ്തുക്കളുമെല്ലാം നിരന്തരം പിടിച്ചെടുക്കാറുണ്ടെങ്കിലും കേരളത്തിലെ വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ച് ആദ്യമായാണ് പക്ഷിക്കടത്ത് റിപ്പോർട്ട് ചെയ്യുന്നത്. ഇന്ത്യയിൽ തന്നെ അപൂർവമായേ പക്ഷിക്കടത്ത് പിടി കൂടിയിട്ടുള്ളൂ. വംശനാശ ഭീഷണി നേരിടുന്ന പക്ഷികളായതിനാൽ ക്രിമിനൽ കുറ്റമാണിത്.