കുറുപ്പംപടി: കർഷകർക്ക് വരുമാനം വർദ്ധിപ്പിക്കാനായുള്ള ഫ്ലോറി വില്ലേജ് പദ്ധതി കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത്‌ നടപ്പാക്കുന്നു. കാർഷിക വികസന കർഷക ക്ഷേമ വകുപ്പും കൂവപ്പടി ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി അമ്പതോളം കർഷകരെ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. നിലവിലുള്ള കൃഷിസ്ഥലങ്ങളിൽ ഇടവിളയായി കൃഷിചെയ്യാവുന്ന അലങ്കാരച്ചെടികളുടെയും പൂച്ചെടികളുടെയും ഫ്ലോറികൾച്ചർ കൃഷിരീതി പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം ഗുണനിലവാരമുള്ള കട്ട് ഫ്ലവർ, കട്ട്‌ ഫോളിയേജ് തൈകളാണ് ഈ പദ്ധതിയിൽ ഉൾപ്പെടുത്തി 75 ശതമാനം സബ്സിഡി നിരക്കിലാണ് കർഷകർക്ക് വിതരണം ചെയ്യുന്നത്. കൂടാതെ 50 ശതമാനം സബ്സിഡി നിരക്കിൽ വളവും നൽകും. കൂവപ്പടി ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ പ്രവർത്തിച്ചുവരുന്ന പെരുമ്പാവൂർ ഫാർമർ പ്രൊഡ്യൂസർ കമ്പനിയിൽ അംഗമായിട്ടുള്ള കർഷകരെ ഈ പദ്ധതിയിലും ഉൾപ്പെടുത്തും. കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ 2.05 ലക്ഷം രൂപയും കൂവപ്പടി ബ്ലോക്ക് പഞ്ചായത്തിന്റെ 1.05 ലക്ഷം രൂപയുമാണ് പദ്ധതിക്ക് വേണ്ടി വകയിരുത്തിയിരുത്തുന്നത്. പദ്ധതിയുടെ ഉദ്ഘാടനം ഇന്നലെ ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.ടി അജിത് കുമാർ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ,​ പഞ്ചായത്ത് പ്രസിഡന്റുമാരായ എൻ.പി. അജയകുമാർ,​ പി.പി. അവറാച്ചൻ,​ ശില്പ സുധീഷ്, ടി.എൻ. മിഥുൻ എന്നിവർ സംസാരിച്ചു.