പെരുമ്പാവൂർ: പെരുമ്പാവൂരിലെ ഗ്രാമീണ റോഡുകൾ പുനരുദ്ധരിക്കാൻ 9 കോടി രൂപയുടെ പദ്ധതികൾ സമർപ്പിച്ചതായി എൽദോസ് കുന്നപ്പള്ളി എം.എൽ.എ അറിയിച്ചു. പെരുമ്പാവൂരിലെ ഏഴ് പഞ്ചായത്തുകളുടെയും മുൻസിപ്പാലിറ്റിയുടെയും ഉടമസ്ഥതയിലുള്ള റോഡുകൾ യുദ്ധകാല അടിസ്ഥാനത്തിൽ പുനരുദ്ധരിക്കുന്നതിനായാണ് സംസ്ഥാന സർക്കാരിന് പദ്ധതികൾ സമർപ്പിച്ചിരിക്കുന്നത്. 2024 - 25 സാമ്പത്തിക വർഷത്തെ സംസ്ഥാന ബഡ്ജറ്റിൽ വകയിരുത്തിയിരുന്ന തുക ഉപയോഗിച്ച് തദ്ദേശ റോഡുകൾ പുനരുദ്ധാരണം ചെയ്യുന്നതിന്റെ ഭാഗമായി പെരുമ്പാവൂർ നിയോജക മണ്ഡലത്തിലെ റോഡുകളുടെ ലിസ്റ്റ് സമർപ്പിച്ചതായും എം.എൽ.എ അറിയിച്ചു. ഓരോ റോഡിനും 15 ലക്ഷം മുതൽ 45 ലക്ഷം രൂപ വരെയാണ് അനുവദിക്കാൻ കഴിയുക. പദ്ധതികൾക്ക് ഡിസംബർ 20നകം ഭരണാനുമതി ലഭിക്കത്തക്ക വിധം എസ്റ്റിമേറ്റുകൾ തയ്യാറാക്കി നൽകാൻ ബന്ധപ്പെട്ട പഞ്ചായത്തുകളിലെ എൻജിനിയർമാരോട് എം.എൽ.എ നിർദ്ദേശിച്ചു. ഡിസംബർ 31ന് മുമ്പ് സാങ്കേതിക അനുമതി ലഭിച്ചശേഷം ഫെബ്രുവരി 15ന് പ്രവൃത്തികൾ ആരംഭിച്ച് ഏപ്രിൽ മാസത്തോടെ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. നിലവിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ആസ്തി രജിസ്റ്ററിൽ ഉൾപ്പെട്ടിട്ടുള്ള റോഡുകൾ മാത്രമേ ഈ പദ്ധതിയുടെ കീഴിൽ ഏറ്റെടുക്കുന്നുള്ളൂ. പ്രധാന റോഡുകളെ ബന്ധിപ്പിക്കുന്ന തദ്ദേശ റോഡുകൾ, സ്കൂൾ കോളേജ്, ആശുപത്രികൾ, ടൂറിസം മേഖലകൾ എന്നിവയെ ബന്ധിപ്പിക്കുന്ന റോഡുകൾ, ജൽ ജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി ഒന്നാം ഘട്ടത്തിൽ കുഴിക്കേണ്ടിവന്നതും പൂർവസ്ഥിതിയിൽ ആക്കാൻ ഫണ്ടില്ലാത്തതുമായ റോഡുകൾ എന്നിവയ്ക്ക് മുൻഗണന നൽകിയിട്ടുണ്ട് .

ആകെ 60 റോഡുകൾക്കായി 9 കോടി രൂപയുടെ പദ്ധതികളാണ് സമർപ്പിച്ചിട്ടുള്ളത്. അഞ്ചു കോടിയുടെ പദ്ധതികൾക്ക് ഈ മാസം തന്നെ ഭരണാനുമതി ലഭിക്കും

എൽദോസ് കുന്നപ്പള്ളി

എം.എൽ.എ