കാക്കനാട്: ഇടപ്പള്ളി- പുക്കാട്ടുപടി റോഡിലെ ഉണിച്ചിറ ജംഗ്ഷനിൽ അപകടം പതിയിരിക്കുന്നു. ഇവിടെ ഒരടിയോളം താഴ്ചയുള്ള കുഴികൾ രൂപപ്പെട്ടിട്ട് മാസങ്ങളായി. മഴവെള്ളം കെട്ടി നിൽക്കുന്നതിനാൽ അപകടസാദ്ധ്യതയും വർദ്ധിച്ചു. ധാരാളം കാൽനടയാത്രക്കാരും വാഹനങ്ങളുമാണ് ദിവസേന ഇതുവഴി സഞ്ചരിക്കുന്നത്. ഒരു സ്ത്രീയും കുട്ടിയും അടക്കം കഴിഞ്ഞദിവസം 6 ഇരുചക്ര വാഹനങ്ങളാണ് അപകടത്തിൽ പെട്ടത്. ഇതിൽ അപകടത്തിൽപ്പെട്ട ഒരു യാത്രക്കാരന്റെ ആഭരണം നഷ്ടപ്പെട്ടതിനാൽ ബന്ധപ്പെട്ട അധികാരികളെ വിളിച്ച് പരാതി അറിയിച്ചിട്ടും തുടർ നടപടിയൊന്നുമില്ല. ഫയർ ആൻഡ് റെസ്ക്യൂ ഉദ്യോഗസ്ഥരെ വിവരം അറിയിച്ചപ്പോൾ അവരെത്തി റോഡരികിൽ കെട്ടിക്കിടന്ന വെള്ളം റോഡിനോട് ചേർന്നുള്ള കാന പൊട്ടിച്ച് ഒഴുക്കിവിട്ട് തെരഞ്ഞെങ്കിലും ആഭരണം കണ്ടെത്താനായില്ല.
റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പരാതികൾ പൊതുമരാമത്ത് വകുപ്പ് അധികാരികൾക്കും കളമശേരി നഗരസഭാ അധികാരികൾക്കും നാട്ടുകാർ നൽകിയെങ്കിലും സാങ്കേതികപ്രശ്നം പറഞ്ഞ് ഇവർ പരസ്പരം പഴിചാരി തലയൂരുകയാണ്. പ്രശ്നം അടിയന്തരമായി പരിഹരിച്ചില്ലെങ്കിൽ കളക്ടർക്ക് പരാതി കൊടുക്കാൻ ഒരുങ്ങുകയാണ് നാട്ടുകാർ.
മെട്രോ റെയിൽ നിർമ്മാണം പാലാരിവട്ടത്തുനിന്ന് കാക്കനാട് വരെ നടക്കുന്ന സാഹചര്യത്തിൽ യാത്രക്കാർ കൂടുതലും ഉപയോഗിക്കുന്നത് ഇടപ്പള്ളി- പുക്കാട്ടുപടി റോഡാണ്. അനുദിനം വാഹനങ്ങളുടെ തിരക്ക് കൂടിവരുന്ന ഈ റോഡിലാണ് ഈ അപകടക്കുഴികൾ ദുരന്തമുഖം തുറന്നുവച്ചിരിക്കുന്നത്.