ആലുവ: വീട്ടുജോലിക്കെത്തിയ ബാലിക പീഡനത്തിനിരയായി മരിച്ച കേസിന്റെ വിചാരണയ്ക്കുശേഷം പ്രതിയുടെ വാഹനത്തിൽ യാത്രചെയ്തുവെന്ന ആരോപണം നിഷേധിച്ച് അന്വേഷണ ഉദ്യോഗസ്ഥൻ. അടിസ്ഥാനരഹിതമായ ആരോപണമാണ് പ്രചരിക്കുന്നതെന്ന് ബാലിക മരിക്കുമ്പോൾ ആലുവ സി.ഐയായിരുന്ന നിലവിൽ ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിയായ പ്രഫുലചന്ദ്രൻ പറഞ്ഞു.
വിചാരണയ്ക്കിടെ പ്രതിക്ക് അനുകൂലമായേക്കാവുന്ന വിധത്തിൽ മൊഴി നൽകിയെന്ന രീതിയിലും സർക്കാർ അഭിഭാഷക എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ വിചാരണദിവസം രോഗബാധിതനായിരുന്ന താൻ ശാരീരികമായി ബുദ്ധിമുട്ടുന്ന അവസ്ഥയിലും കേസിന്റെ ഗൗരവം മനസിലാക്കിയാണ് കോടതിയിൽ വിചാരണക്ക് ഹാജരായതെന്നും പ്രഫുല്ലചന്ദ്രൻ പറഞ്ഞു.
കഴിഞ്ഞ 14ന് മൂവാറ്റുപുഴ പോക്സോ കോടതിയിൽ വിചാരണ നടന്നപ്പോൾ യൂണിഫോം ഒഴിവാക്കിയത് ശാരീരിക അവശതകാരണമാണ്. 2011 ഫെബ്രുവരി 24ന് നടന്ന സംഭവങ്ങൾ ഓർത്തെടുക്കാൻ സാധിക്കാത്തത് രോഗാവസ്ഥയായതിനാലാണെന്നും ഡിവൈ.എസ്.പി പറഞ്ഞു.