വൈപ്പിൻ: മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്നും ഇവിടത്തെ ഭൂമിപ്രശ്‌നത്തിന് ഇപ്പോഴത്തെ വഖഫ് ബിൽ പരിഹാരമല്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. ഇന്നലെ വൈകിട്ട് ജില്ലയിലെ കോൺഗ്രസ് എം.എൽ.എ. മാർ, എം.പി എന്നിവരോടൊപ്പം മുനമ്പം സമരവേദി സന്ദർശിച്ചപ്പോഴായിരുന്നു സതീശന്റെ പ്രതികരണം.

പ്രശ്‌നപരിഹാരത്തിനായി യു.ഡി.എഫും കോൺഗ്രസും ജനങ്ങൾക്കൊപ്പമുണ്ടാകും. കുടിയിറക്കൽ അനുവദിക്കില്ല. ഭൂമി വഖഫ് ആണെന്ന് അവകാശപ്പെടുന്നത് വഖഫ് ബോർഡ് മാത്രമാണ്. ആളുകൾ താമസിക്കുന്നതും പണം വാങ്ങി വിറ്റതുമായ ഭൂമി വഖഫ് ഭൂമിയല്ല.

മുനമ്പത്തെ ഭൂമി പ്രശ്‌നം ക്രൈസ്തവരും മുസ്ലീങ്ങളും തമ്മിലുള്ള വിഷയമാക്കി മാറ്റാൻ ചിലർ ശ്രമിച്ചെന്നും സതീശൻ പറഞ്ഞു.

ഹൈബി ഈഡൻ എം.പി, എം.എൽ.എ മാരായ ടി. ജെ. വിനോദ്, അൻവർ സാദത്ത്, എൽദോസ് കുന്നപ്പിള്ളി, റോജി എം. ജോൺ, ഉമ തോമസ്, മാത്യു കുഴൽനാടൻ, ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, നേതാക്കളായ കെ.പി. ധനപാലൻ, ഡൊമിനിക്ക് പ്രസന്റേഷൻ, എൻ. വേണുഗോപാൽ, അബ്ദുൾ മുത്തലിബ്, ടോണി ചമ്മിണി തുടങ്ങിയവർ പ്രതിപക്ഷനേതാവിനൊപ്പം ഉണ്ടായിരുന്നു.