കൊച്ചി: ഇടപ്പള്ളി മാമംഗലത്ത് വീടിന് തീപിടിച്ചു. 60കാരിയായ വീട്ടുടമയും വീട്ടുജോലിക്കാരിയും അത്ഭുതരമായി രക്ഷപ്പെട്ടു. ഡിവിഷൻ 40-1384ൽ (പടിപ്പുരയ്ക്കൽ) ഡോ. ലളിത ജയറാമും ജോലിക്കാരിയുമാണ് രക്ഷപ്പെട്ടത്. ഇന്നലെ രാവിലെ 8.30 ഓടെയായിരുന്നു സംഭവം. ഒരു മണിക്കൂറെടുത്താണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്ന് ഫയർഫോഴ്‌സ് പറഞ്ഞു.
ഇരുനീല വീടിന്റെ മുകൾനിലയിൽ അടുത്തിടെ പുതിയമുറി സജ്ജമാക്കിയിരുന്നു. ഈ മുറിയിലാണ് തീപിടിച്ചത്. തീയും പുകയും ഉയരുന്നത് കണ്ട് അയൽവാസികളാണ് ഫയർഫോഴ്‌സിനെ അറിയിച്ചത്. ഉടൻ വീട്ടിലുണ്ടായിരുന്നു ഡോക്ടറെയും ജോലിക്കാരിയെയും വീടിന് പുറത്തിറക്കി. ക്രോബാർ ഉപയോഗിച്ച് ഡോർ തള്ളിത്തുറന്നാണ് തീകെടുത്തിയത്. ഗാന്ധിനഗർ, തൃക്കാക്കര സ്റ്റേഷനുകളിൽനിന്ന് രണ്ട് യൂണിറ്റുകളാണ് സ്ഥലത്തെത്തിയത്.
മുറിയിലുണ്ടായിരുന്ന സാധനസമാഗ്രികളെല്ലാം കത്തിനശിച്ചു. തീ താഴേയ്ക്ക് വ്യാപിപ്പിക്കാതിരുന്നത് അപകടത്തിന്റെ വ്യാപ്തികുറച്ചു. സീനിയർ ഫയർ ഓഫീസർ അനിൽരാജ്, ഫയർ ഓഫീസർമാരായ ഹരി പ്രവീൺ, ടിജു ടി. തരകൻ, ഗോകുൽ പി. അനിൽ, അക്ഷയ് ബെല്ല, മേഘ ഡിക്‌സൺ എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.