കൊച്ചി: വിവാഹവാഗ്ദാനം നൽകി ആൺസുഹൃത്ത് കബളിപ്പിച്ച മനോവിഷമത്തിൽ ഹോസ്റ്റൽ കെട്ടിടത്തിന്റെ മുകളിൽനിന്ന് ചാടി ജീവനൊടുക്കാൻ നിലയുറപ്പിച്ച യുവതിയെ ഫയർഫോഴ്‌സും പൊലീസും സാഹസികമായി രക്ഷപ്പെടുത്തി. പാലാരിവട്ടത്തെ മാളിൽ ജോലിചെയ്യുന്ന തിരുവനന്തപുരത്തുള്ള 24കാരിയാണ് ആത്മഹത്യയ്ക്ക് മുതിർന്നത്. ഇന്നലെ പുലർച്ചെ 2.15ഓടെ പാലാരിവട്ടം എം.എ.ജെ ആശുപത്രിക്ക് സമീപമായിരുന്നു സംഭവം. യുവതിയെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർക്ക് കൗൺസലിംഗ് നൽകും. പരാതി രേഖാമൂലം വാങ്ങി വിശദമായ അന്വേഷണത്തിനാണ് പൊലീസ് തയ്യാറെടുക്കുന്നത്.
ഏതാനും ദിവസമായി മാനസിക സമ്മർദ്ദത്തിലായിരുന്നു യുവതി. ഇതിനിടെ മാളിലെ ജോലിപോയി. ഇതോടെ ഇന്ന് ഹോസ്റ്റലിൽനിന്ന് ഒഴിയേണ്ട അവസ്ഥയായി. അർദ്ധരാത്രി മുതൽ ടെറസിലിരുന്ന് പൊട്ടിക്കരയുകയായിരുന്നു ഇവർ. എന്നാൽ ഇവിടെ ഇരിക്കുന്നത് ഹോസ്റ്റൽ അധികൃതർ വിലക്കി. തുടർന്നാണ് ആത്മഹത്യയ്ക്ക് തുനിഞ്ഞത്. വിവരമറിഞ്ഞ് എറണാകുളം അസി. പൊലീസ് കമ്മിഷണർ വി. ജയകുമാറിന്റെ നേതൃത്വത്തിൽ എളമക്കര പൊലീസ് ആദ്യം സ്ഥലത്തെത്തി. പിന്നാലെ ഗാന്ധിനഗറിൽനിന്ന് ഫയർഫോഴ്‌സും. വൈകാതെ യുവതി കാണാത്തവിധം താഴെ സുരക്ഷാവല വിരിച്ചു. എ.സി.പിയും അസി. ഫയർ ഓഫീസർ അനിൽരാജും ടെറസിലെത്തി യുവതിയെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും പിന്തിരിയാൻ യുവതി തയ്യാറായില്ല. തുടർന്ന് ഫയർഫോഴ്‌സ് അംഗങ്ങളായ ഗോകുൽ പി. അനിൽ, ഷിജു ടി. തരകൻ, അക്ഷയ് ബെല്ല, മേഘ ഡിക്‌സൺ, അർച്ചന എന്നിവർ ടെറസിലെത്തി വിവിധ ഭാഗങ്ങളിൽ നിലയുറപ്പിച്ചു. പെൺകുട്ടി ആവശ്യപ്പെട്ടതോടെ എ.സി.പി താഴേയ്ക്കിറങ്ങി. ഇതിനിടെ മുകളിലേക്ക് എത്തിയ രണ്ട് എസ്.ഐമാർ യുവതിയുടെ ശ്രദ്ധതെറ്റിയ സമയം പിടികൂടി രക്ഷപ്പെടുത്തുകയായിരുന്നു. പുലർച്ചെ 4.20ഓടെയാണ് രക്ഷാദൗത്യം പൂർത്തിയാക്കിയത്. പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.