
കൊച്ചി: സംസ്ഥാന സ്‌പോർട്സ് കൗൺസിൽ സംഘടിപ്പിക്കുന്ന കേന്ദ്ര സിലബസ് സ്‌കൂളുകളുടെ കായികമേളയിൽ മുഴുവൻ സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ., നവോദയ, കേന്ദ്രീയ വിദ്യാലയങ്ങളും വിദ്യാർത്ഥികളെ പങ്കെടുപ്പിക്കണമെന്ന് കായികാദ്ധ്യാപകരും രക്ഷിതാക്കളുടെ സംഘടനകളും ആവശ്യപ്പെട്ടു.
ജനുവരിയിൽ കൊച്ചിയിലാണ് സെൻട്രൽ സ്കൂൾ സ്പോർട്സ് മീറ്റ് 2024 സംഘടിപ്പിക്കുന്നത്. വിജയികൾക്ക് സ്‌പോർട്സ് കൗൺസിൽ സർട്ടിഫിക്കറ്റുകൾ നൽകും. സഹോദയ ഉൾപ്പെടെ സ്‌കൂൾ മാനേജ്മെന്റ് സംഘടനകൾ കായികമേളകൾ സംഘടിപ്പിക്കാറുണ്ട്. അതിലെ വിജയികൾക്ക് നൽകുന്ന സർട്ടിഫിക്കറ്റിന് ഔദ്യോഗിക അംഗീകാരമില്ല. ഭാവിയിൽ കായിക രംഗത്തോ പഠനരംഗത്തോ അവയൊന്നും ഉപയോഗിക്കാൻ കഴിയില്ല.
സെൻട്രൽ സ്കൂൾ സ്‌പോർട്സ് മീറ്റിലെ വിജയികൾക്ക് സംസ്ഥാന സ്‌പോർട്സ് കൗൺസിൽ നൽകുന്ന സർട്ടിഫിക്കറ്റ് കായികതാത്പര്യമുള്ള വിദ്യാർത്ഥികൾക്ക് ഭാവിയിൽ ഗുണകരമാകും.
സ്കൂളുകൾക്ക് കായികമേള സംബന്ധിച്ച അറിയിപ്പ് നൽകിയിട്ടുണ്ട്. പ്രത്യേക പോർട്ടലിൽ രജിസ്റ്റർ ചെയ്ത് വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം.
നിലപാട് തിരുത്തണമെന്ന്
സ്‌പോർട്സ് കൗൺസിൽ അംഗീകാരമുള്ള കായികമേളയിൽ കുട്ടികളെ പങ്കെടുപ്പിക്കണമെന്ന് കായികാദ്ധ്യാപകനായ ജയിംസ് ജോസഫ് നിർദ്ദേശിച്ചു. അൺ എയ്ഡഡ് വിദ്യാഭ്യാസ മേഖലയിലെ കായികമേഖല കൂടുതൽ ശക്തിപ്പെടുത്തുന്നതിനും കഴിവുള്ള കുട്ടികൾ സ്‌കൂളുകളിലേക്ക് എത്തിച്ചേരുന്നതിനും കായികമേള സഹായകരമാകും. മേളയിൽ
പങ്കെടുക്കേണ്ടെന്ന ചില സ്‌കൂളുകളുടെ നിലപാട് തിരുത്തണം. വിദ്യാർത്ഥികളെ പങ്കെടുപ്പിക്കാൻ സ്‌കൂൾ മാനേജ്മെന്റുകൾ തയ്യാറാകണം.
അംഗീകൃത മേള ആവശ്യം
സംസ്ഥാന സ്‌പോർട്സ് കൗൺസിൽ സംഘടിപ്പിക്കുന്ന സെൻട്രൽ സ്കൂൾ സ്പോർട്സ് മീറ്റ് ഗൗരവത്തോടെയും പ്രാധാന്യത്തോടെയുമാണ് കാണുന്നതെന്ന് രക്ഷിതാക്കൾ പറഞ്ഞു. സഹോദയ സംഘടിപ്പിക്കുന്ന കായികമേളകളുടെ സർട്ടിഫിക്കറ്റുകൾക്ക് അംഗീകാരമില്ലാത്ത സാഹചര്യത്തിൽ സ്‌പോർട്സ് കൗൺസിലിന്റെ കായികമേളയ്ക്ക് പ്രാധാന്യമുണ്ട്. കായികമായ കഴിവുകളുള്ള വിദ്യാർത്ഥികളെ കണ്ടെത്തി മത്സരത്തിന് പങ്കെടുപ്പിക്കാൻ സ്‌കൂളുകൾ മുൻകൈയെടുക്കണം.
സംഘാടകർ കേരള സ്‌പോർട്സ് കൗൺസിൽ
ജില്ലകളിൽ കളക്ടർമാർ നേതൃത്വം നൽകും
കൊച്ചിയിലേത് നാലാമത് മീറ്റ്
ജനുവരി ആദ്യവാരം കൊച്ചിയിൽ
ഒരാൾക്ക് മൂന്നിനങ്ങളിൽ പങ്കെടുക്കാം
ജില്ലാതല മത്സരങ്ങൾ ഈയാഴ്ച