കൊച്ചി: എറണാകുളം സൗത്ത് മേല്പാലത്തിന് സമീപമുള്ള ആക്രി ഗോഡൗൺ പൂർണമായും കത്തിയമർന്ന സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്ന് ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് സംഘം പരിശോധന നടത്തും. തീപിടിത്തതിന്റെ കാരണമാണ് എറണാകുളം സൗത്ത് പൊലീസ് തേടുന്നത്. ഷോർട്ട് സർക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ മറ്റ് സാദ്ധ്യതയും തള്ളിക്കളയുന്നില്ല.15 ലക്ഷം രൂപയുടെ നഷ്ടമുണ്ടെന്നാണ് വിലയിരുത്തൽ. ആക്രി ഗോഡൗൺ ഉടമ രാജുവിന്റെ പരാതിയിലാണ് കേസെടുത്തിട്ടുള്ളത്. ഇയാളുടെ മൊഴി രേഖപ്പെടുത്തി.

ഞായറാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് ഗോഡൗണിൽ തീപിടിത്തമുണ്ടായത്. സമീപത്തെ വീടും പൂർണമായും അഗ്‌നിക്കിരയായി.

ഗോഡൗണിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ഒമ്പത് തൊഴിലാളികളെ അത്ഭുതകരമായി രക്ഷപ്പെടുത്തിയിരുന്നു.എറണാകുളം വഴി ആലപ്പുഴയിലേക്കുള്ള ട്രെയിൻ ഗതാഗതം രണ്ട് മണിക്കൂറിലേറെ നിറുത്തിവയ്‌ക്കേണ്ട നിലയിലേക്ക് തീവ്യാപിച്ചിരുന്നു. 15 ഫയർഫോഴ്‌സ് യൂണിറ്റുകൾ നാലുമണിക്കൂർ പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഫയർഫോഴ്‌സ് ഫയർറിപ്പോർട്ട് തയ്യാറാക്കും. എന്തെല്ലാമാണ് തീപിടിച്ച് നശിച്ചത്, കാരണം തുടങ്ങിയവയാകും റിപ്പോർട്ടിൽ ഉണ്ടായിരിക്കുക.

പാഴ്‌വസ്തു സംഭരണ കേന്ദ്രങ്ങളിൽ തീപിടിത്തം ഉൾപ്പെടെയുള്ള അപകടങ്ങൾ ഒഴിവാക്കാൻ സ്വീകരിക്കേണ്ട മുൻകരുതലുകൾ, സുരക്ഷ ക്രമീകരണങ്ങൾ എന്നിവ സംബന്ധിച്ച് 2022 ഫെബ്രുവരി രണ്ടിന് തദ്ദേശവകുപ്പ് സർക്കുലർ പുറത്തിറക്കിയിരുന്നു. ഇവ പാലിക്കാതെയാണ് ആക്രിഗോഡൗൺ പ്രവർത്തിച്ചിരുന്നതെന്ന് ഫയർഫോഴ്‌സ് പറയുന്നു. സംഭരണശേഷിയിലധികം ആക്രിസാധനങ്ങളും ഗോഡൗണിലുണ്ടായിരുന്നു.