കൊച്ചി: ലിവിംഗ് വിൽ നടപ്പാക്കാൻ കൊച്ചി കോർപ്പറേഷനിൽ ഒരാഴ്ചയ്ക്കുള്ളിൽ പ്രത്യേക ഓഫീസറെ ചുമതലപ്പെടുത്തണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. ലോകാരോഗ്യ സംഘടനയിലടക്കം സേവനം അനുഷ്ഠിച്ചിട്ടുള്ള കടവന്ത്രയിൽ സ്വദേശി 76 കാരിയായ ഡോ. മാർത്ത ജേക്കബിന്റെ ഹർജിയിലാണ് ജസ്റ്റിസ് സി.എസ്. ഡയസിന്റെ ഇടക്കാല ഉത്തരവ്.
ലിവിംഗ് വിൽ നടപ്പാക്കാൻ തദ്ദേശസ്ഥാപനങ്ങളിൽ പ്രത്യേക ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തണമെന്ന് സുപ്രീംകോടതി കഴിഞ്ഞ വർഷം ഉത്തരവിട്ടിരുന്നു. എന്നാൽ കൊച്ചി കോർപ്പറേഷൻ ഇതിന് നടപടിയെടുത്തിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായാൽ ഏത് രീതിയിലുള്ള ചികിത്സയാണ് വേണ്ടതെന്ന് മുൻകൂർ രേഖപ്പെടുത്തി തയ്യാറെടുക്കുന്നതാണ് ലിവിംഗ് വിൽ. ഇതെഴുതിയ വ്യക്തിക്ക് സ്വന്തമായി തീരുമാനമെടുക്കാൻ കഴിയാത്ത ആരോഗ്യസ്ഥിതിയിലെത്തുമ്പോഴാണ് ലിവിംഗ് വിൽ കണക്കിലെടുക്കുന്നത്. ഇതിനായി ഒരോ തദ്ദേശ സ്ഥാപനത്തിലും ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തേണ്ടതുണ്ട്. അതുണ്ടാകാത്തതിനെ തുടർന്നാണ് റിട്ട. ഡോക്ടർ ഹൈക്കോടതിയെ സമീപിച്ചത്.