
കൊച്ചി: തിരുവിതാംകൂർ, കൊച്ചി ദേവസ്വം ബോർഡുകളുടെ ഓംബുഡ്സ്മാനായി റിട്ട. ജസ്റ്റിസ് കെ. രാമകൃഷ്ണൻ ഇന്നലെ ചുമതലയേറ്റു. ദേവസ്വം ബോർഡുകളുമായി ബന്ധപ്പെട്ട ഭക്തരുടെയും ജീവനക്കാരുടെയും പരാതികളാണ് ഓംബുഡ്സ്മാൻ പരിഗണിക്കുക. കേരള ഹൈക്കോടതിയിൽ നിന്ന് 2014ൽ വിരമിച്ച ശേഷം നാല് വർഷം ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ന്യൂഡൽഹി, ചെന്നൈ ബെഞ്ചുകളിൽ അംഗമായിരുന്ന ജസ്റ്റിസ് രാമകൃഷ്ണൻ തലശേരി സ്വദേശിയാണ്. തൃപ്പൂണിത്തുറ എരൂരിലാണ് താമസം. ഭാര്യ: റിട്ട. ബാങ്ക് ഉദ്യോഗസ്ഥ ബൃന്ദ. മകൻ: ഡോ. കൃഷ്ണകുമാർ.
സാമൂഹ്യ പെൻഷൻ
അനന്തരാവകാശികൾക്കില്ല
തിരുവനന്തപുരം:സാമൂഹ്യ സുരക്ഷാ പെൻഷൻ വാങ്ങുന്ന ഗുണഭോക്താവ് മരണപ്പെട്ടാൽ പെൻഷനോ,പെൻഷന്റെ കുടിശികയോ അനന്തരാവകാശികൾക്ക് നൽകില്ലെന്ന് വ്യക്തമാക്കി ധനവകുപ്പ് ഉത്തരവ് പുറത്തിറക്കി.പാവപ്പെട്ടവർക്ക് ആശ്വാസമെന്ന നിലയിലാണ് സാമൂഹ്യസുരക്ഷാപെൻഷൻ നൽകുന്നത്. ഗുണഭോക്താവ് മരണപ്പെട്ടാൽ അതിന് പ്രസക്തിയില്ലെന്നും ഉത്തരവിൽ വ്യക്തമാക്കി.
അഭിഭാഷക
എൻറോൾമെന്റ്
കൊച്ചി: ജനുവരി അഞ്ചിന് നടത്തുന്ന അഭിഭാഷക എൻറോൾമെന്റിനുള്ള അപേക്ഷകൾ ഡിസംബർ നാലിന് അർദ്ധരാത്രിക്കകം നൽകണമെന്ന് ബാർ കൗൺസിൽ ഭാരവാഹികൾ അറിയിച്ചു. വെബ്സൈറ്റിലെ സാങ്കേതിക തകരാർ പരിഹരിക്കേണ്ടതിനാൽ തുടർന്നുള്ള ദിവസങ്ങളിൽ അപേക്ഷ സ്വീകരിക്കില്ല.
ട്രെയിൻ റദ്ദാക്കി
തിരുവനന്തപുരം: തമിഴ്നാട്ടിലെ കനത്തമഴമൂലം ഇന്ന് രാത്രി 11.15ന് ഗുരുവായൂരിൽ നിന്ന് പുറപ്പെടുന്ന ചെന്നൈ എഗ്മൂർ എക്സ്പ്രസ് റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു.
ഒ.ടി.പി ആധാർ ലിങ്ക്ഡ് മൊബൈലിൽ മാത്രം
തിരുവനന്തപുരം: കേരള സംസ്ഥാന ഐ.ടി മിഷന്റെ ഇഡിസ്ട്രിക്ട് പോർട്ടലിലെ സേവനങ്ങൾക്ക്
യൂസർ അക്കൗണ്ട് സൃഷ്ടിക്കുന്നതിന് ആധാർ അധിഷ്ഠിത ഒ.ടി.പി സംവിധാനം പ്രാബല്യത്തിലായി.
മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിച്ചിട്ടില്ലാത്ത ഉപഭോക്താക്കൾ ആധാറുമായി ബന്ധിപ്പിക്കണം. 'ഇഡിസ്ട്രിക്ട് പോർട്ടലിൽ അക്കൗണ്ട് ഉള്ളവർക്ക് ലോഗിൻ ചെയ്ത് പ്രൊഫൈൽ പേജിൽ ആധാർ നമ്പരുമായി ലിങ്ക് ചെയ്ത മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യാം.
സർക്കാർ ഓഫീസുകൾ സന്ദർശിക്കാതെ ജനങ്ങൾക്ക് സേവനങ്ങൾ, ഇന്റർനെറ്റ് മുഖേന നേരിട്ട് ലഭ്യമാക്കാനായി 2010ൽ ആരംഭിച്ച പദ്ധതിയാണ് 'ഇഡിസ്ട്രിക്ട്'. റവന്യൂ വകുപ്പിന്റെ 23 ഇനം സർട്ടിഫിക്കറ്റ് സേവനങ്ങളും, വന്യജീവി ആക്രമണത്തിനാൽ ഉണ്ടാകുന്ന നഷ്ടപരിഹാരങ്ങൾക്കുള്ള ആറിനം അപേക്ഷകൾ വനം വകുപ്പിന് സമർപ്പിക്കാനുള്ള സേവനങ്ങളും, നേച്ചർ ക്യാമ്പ് റിസർവേഷൻ സേവനവും, പബ്ലിക് യൂട്ടിലിറ്റി ബില്ലുകളുടെ പെയ്മെന്റ് മുതലായ സേവനങ്ങളും 'ഇഡിസ്ട്രിക്ട്' മുഖേന ലഭിക്കും.