കൊച്ചി: വീട്ടമ്മയെ വർച്വൽ അറസ്റ്റ് ചെയ്‌തെന്ന് വിശ്വസിപ്പിച്ച് 4.12 കോടി തട്ടിയകേസിൽ അറസ്റ്റിലായ മലപ്പുറം അരീക്കോട് സ്വദേശികളായ മുഹമ്മദ് മുഹാസിനും (22), കെ.പി. മിഷാബും (21) മറ്റ് സംസ്ഥാനങ്ങളിൽ നിന്നും സമാനരീതിയിൽ പണംതട്ടിയെന്ന സംശയം ബലപ്പെടുന്നു. പ്രാഥമിക അന്വേഷണത്തിൽ ഇവർ കൂടുതൽ മലയാളികൾ ഉൾപ്പെട്ട അന്തർസംസ്ഥാന സൈബർതട്ടിപ്പ് സംഘത്തിലെ കണ്ണികളെന്ന് വ്യക്തമായിട്ടുണ്ട്. കേസിൽ കൂടുതൽ അറസ്റ്റ് വരുംദിവസങ്ങളിൽ ഉണ്ടായേക്കും.
ഇവരുടെ ബാങ്ക് ഇടപാടുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഇവരെ കസ്റ്റഡിയിൽ വാങ്ങിയ ചോദ്യം ചെയ്യും. ഡൽഹി പൊലീസ് ഉദ്യോഗസ്ഥരാണെന്ന് വിശ്വസിപ്പിച്ചാണ് കാക്കനാട് വാഴക്കാല സ്വദേശിനിയുടെ പണം തട്ടിയെടുത്തത്.
വീട്ടമ്മയുടെ ആധാർ കാർഡ് ഉപയോഗിച്ച് ഉണ്ടാക്കിയ അക്കൗണ്ട് വഴി തട്ടിപ്പ് നടക്കുന്നുണ്ടെന്ന് പറഞ്ഞാണ് ഇവർ ഫോൺചെയ്തത്. തുടർന്ന് അക്കൗണ്ടിലെ പണം തട്ടിപ്പിലൂടെ നേടിയെടുത്തതാണോ എന്ന് പരിശോധിക്കാനായി കൈമാറാൻ നിർദ്ദേശിക്കുകയായിരുന്നു. പണം അയച്ചില്ലെങ്കിൽ വീട്ടമ്മയുടെ പേരിൽ കേസ് രജിസ്റ്റർ ചെയ്യുമെന്നും ഭീഷണിപ്പെടുത്തി. ഇതോടെ എസ്.ബി.ഐ ശാഖകളിൽ തന്റെ പേരിൽ ഉണ്ടായിരുന്ന 4.11 കോടി രൂപയും പരാതിക്കാരി പ്രതികൾ നൽകിയ അക്കൗണ്ടുകളിലേക്ക് പല ദിവസങ്ങളിലായി ട്രാൻസ്ഫർ ചെയ്തു. കബളിപ്പിക്കപ്പെട്ടെന്ന് മനസിലാക്കി തൃക്കാക്കര പൊലീസിൽ പരാതി നൽകുകയായിരുന്നു. സൈബർ സെൽ എ.സി.പി എം.കെ. മുരളിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.