pic

കൊച്ചി:തോട്ടംതൊഴിലാളിയുടെ മകൻ ആൽബിൻ ആന്റണി (36) തട്ടിമുട്ടിയാണ് പ്ളസ് ടു ജയിച്ചത്. ഇപ്പോൾ അഞ്ചു കോടി വിറ്റുവരവുള്ള ഡിസൈൻ, ബ്രാൻഡിംഗ് കമ്പനിയുടെ ഉടമ.100 രൂപ ദിവസക്കൂലിക്കാരനിൽ നിന്ന് 45 പേർക്ക് തൊഴിൽ നൽകുന്ന സംരംഭകൻ.

ഇടുക്കി പാമ്പനാറിലെ ലയത്തിലായിരുന്നു താമസം. പിതാവ് ആന്റണി മരിച്ചതോടെ അമ്മ ലൂർദ്ദ് മേരി തോട്ടത്തിൽ പണിക്ക് പോയി. തോട്ടം പൂട്ടിയതോടെ അമ്മ കൊച്ചിയിലെ മഠത്തിൽ പാചകക്കാരിയായി. 18ാം വയസിൽ കൊച്ചിയിലെത്തിയ ആൽബിൻ വി-ഗാർഡിന്റെ ഗോഡൗണിൽ ഹെൽപ്പറായി. 100 രൂപ ദിവസവേതനം. പിന്നെ ഓഫീസ് ബോയിയായി.

പുതിയ ഉത്പന്നത്തിന്റെ പായ്‌ക്കിംഗിന് പരസ്യ ഏജൻസികളുടെ ഡിസൈൻ കമ്പനിക്ക് ഇഷ്‌ടമായില്ല. ഡിസൈൻ ആൽബിൻ ഏറ്റെടുത്തു. അത് അംഗീകരിച്ച കമ്പനി വിഷ്വൽ മീഡിയ കമ്മ്യൂണിക്കേഷൻ കോഴ്സിന് ചേർത്തു. ജയിച്ച് കമ്പനിയുടെ ഡിസൈനറായി.

ബഹുരാഷ്ട്ര സ്ഥാപനമായ ഏണസ്റ്റ് ആൻഡ് യംഗിൽ (ഇ.വൈ) ജോലി കിട്ടിയതോടെ വി-ഗാർഡ് വിട്ടു. 2018ൽ ഇ.വൈയുടെ കൊച്ചിയിലെ ഡിസൈൻ വിഭാഗം മേധാവിയായിരിക്കെ രാജിവച്ച് വെണ്ണലയിൽ സി.എൻ.എം ഗ്ളോബൽ ഇന്നവേഷൻ കമ്പനി ആരംഭിച്ചു. കമ്പനിയുടെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറാണിപ്പോൾ.

ജപ്തിക്കെത്തിയ ബാങ്കുകാർ

അക്കൗണ്ടിനായി കൈനീട്ടി

വാടകവീട്ടിലെ ഒരു മുറിയിൽ നാലു ജീവനക്കാരുമായിട്ടായിരുന്നു തുടക്കം. ശമ്പളം, വാടക, വായ്പയടവ്. വരുമാനമില്ലാതെ വലഞ്ഞു. പരിചയക്കാരന്റെ ഈടിലെടുത്ത വായ്പ മുടങ്ങിയതോടെ ജപ്തി നോട്ടീസ് നൽകി വിരട്ടിയ ബാങ്കുകാർ പിന്നീട് അക്കൗണ്ട് തേടി വന്നു.

ബാങ്ക് മുൻ ഉദ്യോഗസ്ഥയും ഭാര്യയുമായ മേഴ്‌സി അനുവാണ് കമ്പനിയുടെ ചീഫ് ഫിനാൻസ് ഓഫീസർ. നഴ്സായ സഹോദരി ബ്രിറ്റിയും കൊച്ചിയിലുണ്ട്.

`രണ്ടു വർഷത്തിനകം ബംഗളൂരുവിലും ചെന്നൈയിലും ഓഫീസും 100 ജീവനക്കാരും ആണ് ലക്ഷ്യം. പിന്നിട്ട വഴികൾ ഓർമ്മയിലുണ്ട്.'

-ആൽബിൻ ആന്റണി