 
ആലുവ: ചൂർണിക്കര ഗ്രാമപഞ്ചായത്തിലെ അശോകപുരം അശോക ഗ്രൗണ്ടുമായി ബന്ധപ്പെട്ട വിവാദം ശക്തമാകുന്നു. പഞ്ചായത്ത് ലൈഫ് മിഷൻ ആക്ഷൻ കൗൺസിലിന്റെ നിവേദനത്തെ തുടർന്ന് ഭൂവിനിയോഗ ചട്ടപ്രകാരം മിച്ചഭൂമി ഭവനരഹിതർക്ക് വീട് നിർമ്മിക്കാൻ ഉപയോഗിക്കണമെന്ന ലാൻഡ് ബോർഡിന്റെ നിർദ്ദേശത്തിന് പിന്നാലെയാണ് അര നൂറ്റാണ്ടോളം പഴക്കമുള്ള ഗ്രൗണ്ട് സംരക്ഷിക്കണമെന്ന ആവശ്യവുമായി നാട്ടുകാരെത്തിയത്.
വിഷയത്തിൽ യു.ഡി.എഫ് ഭരിക്കുന്ന ചൂർണിക്കര ഗ്രാമപഞ്ചായത്ത് കമ്മിറ്റി ഗ്രൗണ്ട് സംരക്ഷിക്കണമെന്ന് ഏകകണ്ഠമായി ആവശ്യപ്പെട്ടതിന് പിന്നാലെ സി.പി.എം ലോക്കൽ കമ്മിറ്റിയും സമാന നിലപാട് സ്വീകരിച്ചതോടെയാണ് വിവാദം കൂടുതൽ കടുത്തത്. പഞ്ചായത്തിലെ 600 ഓളം ഭവനരഹിതരുടെ സ്വപ്നങ്ങൾക്ക് മീതെയാണ് ഇതോടെ കരിനിഴൽ വീണത്.
അശോക ഗ്രൗണ്ട് കളിസ്ഥലമായി നിലനിർത്തണമെന്നാണ് സി.പി.എം നിലപാട്. പഞ്ചായത്തിലെ പുറമ്പോക്ക് ഭൂമികൾ കണ്ടെത്തി ലൈഫ് പദ്ധതിക്കായി ഉപയോഗിക്കണം. 16-ാം വാർഡിൽ ദേശായി ഫ്ലാറ്റിന് സമീപം 72 സെന്റ്, എസ്.പി.ഡബ്ല്യു സ്‌കൂളിന് എതിർവശം 24 സെന്റ്, 10-ാം വാർഡിൽ 24 സെന്റ്, 13-ാം വാർഡിൽ 10 സെന്റ് എന്നിങ്ങനെ പുറമ്പോക്ക് ഭൂമിയുണ്ട്. ഇത് ഏറ്റെടുക്കണമെന്നും സി.പി.എം ആവശ്യപ്പെടുന്നു
കൊടികുത്തുമലയിൽ ലക്ഷം വീട്ടുകാർക്ക് പൊതുആവശ്യത്തിന് നീക്കിവച്ചിട്ടുള്ള 40 സെന്റ് സ്ഥലം കളിസ്ഥലമല്ല. നേരത്തെ കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് ഇവിടെ ഭൂമി പതിച്ചുനൽകിയപ്പോഴും കളിക്കളം നിലനിർത്തി. കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് നാലു സെന്റ് വീതം നൽകാനിരുന്നത് മൂന്നുസെന്റാക്കിയാണ് കളിക്കളം നിലനിർത്തിയത്. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കും റവന്യൂ, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിക്കും നിവേദനം നൽകിയിട്ടുണ്ട്.
പി.എ. മുഹമ്മദ് നാസർ
ലോക്കൽ സെക്രട്ടറി
ചൂർണിക്കര
സി.പി.എം
ചൂർണിക്കരയിലെ പുറമ്പോക്ക് ഭൂമി ലൈഫ് പദ്ധതിക്കായി ഏറ്റെടുക്കുന്നതോടൊപ്പം പൊതുമേഖല സ്ഥാപനമായ എഫ്.ഐ.ടിയുടെ കൈവശമുള്ള പാട്ടഭൂമിയിൽ നിന്ന് ഒരേക്കർ വിട്ടുനൽകണമെന്നുമാണ് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെടുന്നത്. ചൂർണിക്കരയിൽ മറ്റ് കളിസ്ഥലം ഇല്ലാത്തതിനാൽ അശോകഗ്രൗണ്ട് നിലനിർത്തണം.
ബാബു പുത്തനങ്ങാടി
വൈസ് പ്രസിഡന്റ്
ഗ്രാമപഞ്ചായത്ത്
ചൂർണിക്കര
പ്രമുഖ പാർട്ടികളുടെയെല്ലാം ലക്ഷ്യം രാഷ്ട്രീയ നേട്ടം മാത്രമാണ്. കിടപ്പാടമില്ലാത്ത ഭവനരഹിതർ അസംഘടിതരാണ്. ആക്ഷൻ കൗൺസിലുമായി സഹകരിക്കരുതെന്ന് സി.പി.എമ്മും കോൺഗ്രസും ഭവനരഹിതരായ അനുഭാവികളോട് ആവശ്യപ്പെട്ടിരിക്കുകയാണ്. മിച്ചഭൂമി ഭവനരഹിതർക്ക് തന്നെ നൽകണമെന്നാണ് ചട്ടം.
പി. നാരായണൻകുട്ടി,
കൺവീനർ
ലൈഫ് പദ്ധതി
ആക്ഷൻ കൗൺസിൽ