
കൊച്ചി: എറണാകുളം ഡിവിഷനിലെ ആർ.എം.എസിലെ (റെയിൽവേ മെയിൽ സർവീസ്) 270 താത്കാലിക ജീവനക്കാർ തൊഴിൽ ഇല്ലാതാകുമെന്ന ഭയത്തിൽ. ആർ.എം.എസ് എറണാകുളം ഡിവിഷന് കീഴിലെ ആലുവ, ഇരിങ്ങാലക്കുട സോർട്ടിംഗ് ഓഫീസുകൾ പൂട്ടാൻ ഉത്തരവായതാണ് കാരണം. പോസ്റ്രൽ ഉരുപ്പടികൾ തരംതിരിക്കുകയും കയറ്റി അയയ്ക്കുകയും ചെയ്യുന്നത് ഇവിടെ നിന്നാണ്. പ്രതിദിനം 10000 പോസ്റ്റൽ ഉരുപ്പടികൾ എത്തുന്ന ഓഫീസുകളാണ് രണ്ടും. ഈ മാസം ഏഴിന് ഇവ രണ്ടും പൂട്ടാനാണ് ഉത്തരവ്. ഇവ രണ്ടും മറ്റ് രണ്ട് ആർ.എം.എസുമായി ലയിപ്പിക്കുന്നതിന്റെ ഭാഗമായാണ് പൂട്ടൽ.
ആലുവ ആർ.എം.എസും എറണാകുളം ആർ.എം.എസും തമ്മിലാണ് ലയിപ്പിക്കുന്നത്. കുന്നത്തുനാട്, കോതമംഗലം, ആലുവ, പറവൂർ, കണയന്നൂർ എന്നീ താലൂക്കുകൾ എറണാകുളത്തിന്റെ കീഴിൽ വരും. ഈ രണ്ട് ഓഫീസുകളിലെയും താത്കാലിക ജീവനക്കാരുടെ ജോലി നഷ്ടപ്പെടും. 
ഇരിങ്ങാലക്കുട തൃശൂരുമായാണ് ലയിപ്പിക്കുന്നത്. ഇതോടെ തൃശൂർ ജില്ലയിലെ എല്ലാ താലൂക്കുകളും തൃശൂരിന്റെ പരിധിയിലാകും. ഇരിങ്ങാലക്കുട ആർ.എം.എസിന്റെ കീഴിൽ കൊടുങ്ങല്ലൂർ, ചാലക്കുടി, മുകുന്ദപുരം, ചാവക്കാട് താലൂക്കുകളാണ് വരുന്നത്. 
ആലുവ ആർ.എം.എസ്
ആലുവയിൽ 58 സ്ഥിരം ജീവനക്കാരും 15 താത്കാലിക ജീവനക്കാരുമാണുള്ളത്. സ്ഥിരം ജീവനക്കാർ എറണാകുളം ആർ.എം.എസിലേക്ക് പോകേണ്ടി വരും. എറണാകുളത്ത് 300 സ്ഥിരം ജീവനക്കാരും 140 താത്കാലിക ജീവനക്കാരുമാണുള്ളത്.
ഇരിങ്ങാലക്കുട ആർ.എം.എസ്
37 പേർ സ്ഥിരം ജീവനക്കാരും 10 പേർ താത്കാലിക ജീവനക്കാരുമാണ്. തൃശൂർ ആർ.എം.സിൽ 120 സ്ഥിരം ജീവനക്കാരും 100 താത്കാലിക ജീവനക്കാരുമുണ്ട്.
പോസ്റ്റൽ വിതരണം വൈകും
രണ്ട് ആർ.എം.എസ് ഓഫീസുകൾ പൂട്ടുമ്പോൾ പോസ്റ്റൽ ഉരുപ്പടികളുടെ വിതരണം അവതാളത്തിലാകുമെന്ന് ജീവനക്കാർ പറയുന്നു. ആലുവയിൽ നിന്ന് നേരെ പോകേണ്ട രജിസ്ട്രേഡുകളും സ്പീഡ് പോസ്റ്റുകളും ഇനി എറണാകുളത്ത് എത്തിക്കണം. വിതരണം രണ്ടുദിവസം വരെ വൈകിയേക്കാം. എസ്.എസ്.എൽ.സി, പ്ലസ്ടു ചോദ്യപേപ്പറുകളും ഉത്തരപേപ്പറുകളും എത്തുന്ന സോർട്ടിംഗ് ഓഫീസുകളാണിവ. സ്വകാര്യ കൊറിയർ സർവീസുകളെ സഹായിക്കാനുള്ള തന്ത്രമാണെന്ന ആരോപണവും ഉയരുന്നുണ്ട്.
എറണാകുളം ഡിവിഷന് കീഴിലെ ഓഫീസുകൾ
എറണാകുളം
ആലുവ
ഇരിങ്ങാലക്കുട
തൊടുപുഴ
തൃശൂർ
#ആലുവ, എറണാകുളം ആർ.എം.എസ്
സ്ഥിരം ജീവനക്കാർ- 358
താത്കാലിക ജീവനക്കാർ- 155
#ഇരിങ്ങാലക്കുട, തൃശൂർ ആർ.എം.എസ്
സ്ഥിരം ജീവനക്കാർ- 157
താത്കാലിക ജീവനക്കാർ- 115